ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) പ്രസിഡന്റ്, ഗവേണിങ് കൗണ്‍സില്‍ ചെയര്മാന് എന്നീ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് നടന് ആര് മാധവന്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് താരത്തെ സ്ഥാനത്തേക്ക് നിയമിച്ചത്. മുന്‍ പ്രസിഡന്റായിരുന്ന സംവിധായകന് ശേഖര്‍ കപൂറിന്റെ കാലാവധി 2023 മാര്‍ച്ച് 3ന് അവസാനിച്ചിരുന്നു.
വിവരം പ്രഖ്യാപിച്ചതോടൊപ്പം മാധവന് അഭിനന്ദനമറിയിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്സില്‍ കുറിപ്പിട്ടിരുന്നു. 'എഫ്ടിഐഐയുടെ പ്രസിഡന്റായും ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാനായും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മാധവന് ജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. നിങ്ങളുടെ അനുഭവപാടവവും ധാര്‍മികതയും എഫ്ടിഐഐയെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഉയര്‍ന്ന തലത്തിലേക്ക് സ്ഥാപനത്തെ എത്തിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്ക് എന്റെ ആശംസകള്‍' ഠാക്കൂര്‍ കുറിച്ചു.
അനുരാഗ് ഠാക്കൂറിന്റെ ആശംസകള്‍ക്ക് നന്ദിയറിയിച്ച് മാധവനും എക്സില്‍ കുറിപ്പിട്ടിരുന്നു. 'ബഹുമാനത്തിനും ആശംസകള്‍ക്കും വളരെ നന്ദി അനുരാഗ് ഠാക്കൂര്‍ ജി. പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും,' മാധവന് കുറിച്ചു. എഫ്ടിഐഐ പ്രസിഡന്റ് സ്ഥാനം അവസാനം വഹിച്ചിരുന്നത് ചലച്ചിത്ര നിര്‍മാതാവ് ശേഖര്‍ കപൂര്‍ ആണ്. നടന് അനുപം ഖേറും ഒരു വര്‍ഷം പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.
എഫ്ടിഐഐ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള എഫ്ടിഐഐ സൊസൈറ്റിക്ക് 12 നോമിനികളാണുള്ളത്. അവരില്‍ എട്ട് പേര് 'പേഴ്സണ്‍സ് ഓഫ് എമിനന്‍സ്' വിഭാഗത്തിന് കീഴില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നു. നാല് പേര് എഫ്ടിഐഐ പൂര്‍വ്വ വിദ്യാര്‍ഥികളാണ്. ചെയര്‍മാനെ നിയമിക്കുമ്പോള്‍ മന്ത്രാലയം സാധാരണയായി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാറുണ്ട്. എന്നാല്‍ 2017 ഒക്ടോബറില്‍ അനുപം ഖേറിനെ ചെയര്‍മാനായി നിയമിച്ചപ്പോള്‍ ഇതുണ്ടായില്ല. മാധവന്റെ നിയമനത്തിലും മന്ത്രാലയം മറ്റ് നോമിനേറ്റഡ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തിട്ടില്ല. 12 എക്സ് ഒഫീഷ്യോ അംഗങ്ങള്‍ ഉള്‍പ്പെടെ 24 അംഗങ്ങളുടെ ക്വാറം രൂപീകരിക്കുന്ന മുറയ്ക്ക് ഭരണസമിതി, അക്കാദമിക് കൗണ്‍സില്‍, സ്റ്റാന്‍ഡിങ് ഫിനാന്‍സ് കമ്മിറ്റി എന്നിവ രൂപീകരിക്കും.