ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക് അബു. നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാന്‍ ഉയര്‍ന്നുവന്ന വാദങ്ങളും മാലിന്യ പ്ലാന്റിലെ തീപിടുത്തം സംബന്ധിച്ച വാദങ്ങളും ചൂണ്ടിക്കാട്ടിയാണ് ആഷിക് അബുവിന്റെ പ്രതികരണം. മാനുവല്‍ റോണി എന്നയാളുടെ പോസ്റ്റാണ് ആഷിഖ് അബു പങ്കുവെച്ചത്.
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സംവിധായകന്റെ വിമര്‍ശനം.
നോട്ട് നിരോധന ഫാന്‍സും തീപിടുത്ത ഫാന്‍സും, നോട്ട് നിരോധന സമയത്ത് നിരോധന ഫാന്‍സ് പൊതുവെ ന്യായീകരിച്ചത് ഇപ്രകാരമാണ് 1. ഞാന്‍ അടുത്തുള്ള ബാങ്കുകളില്‍ പോയി നോക്കി, അവിടെ നോട്ട് മാറാനുള്ള ക്യൂ ഒന്നും ഇല്ല. 2. എന്റെ കൂട്ടുകാരന്‍ ജോലി ചെയ്യുന്ന ബാങ്കില്‍ ആളുകള്‍ ചിരിച്ചോണ്ട് ആണ് നോട്ട് മാറാന്‍ വരുന്നതെന്ന് അവന്‍ പറഞ്ഞു. 3. ഞങ്ങടെ പഞ്ചായത്തില്‍ ഒരു ബാങ്കിലും ആരും ഇതുവരെ തലകറങ്ങി വീണില്ല എന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 4. എല്ലാ ആരോപണവും ദേശദ്രോഹികള്‍ പറഞ്ഞുണ്ടാക്കുന്നതാണ്.
ഇനി തീപിടുത്ത ഫാന്‍സ്...; 1. ഞാന്‍ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല. 2. തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല. 3. എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു. 4. എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ്.
സന്ദേശം സിനിമയിലെ ഡയലോഗിന്റെ അര്‍ത്ഥം ഇപ്പോഴാ പിടികിട്ടിയത്. വിഘടനവാദികളും പ്രതിക്രിയവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു', ആഷിഖ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.