മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിന്ദു പണിക്കരും സായ് കുമാറും. നിരവധി ജനപ്രീയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് ഇരുവരും. ഇരുവരും പൊതുപരിപാടികളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഇരുവരുടെയും ആരോഗ്യത്തെക്കുറിച്ചും ആശങ്കുപ്പെടാറുണ്ട് ആരാധകര്‍. ബിന്ദു പണിക്കരുടെ കൈപിടിച്ച് നടന്നു വരുന്ന സായ് കുമാറിനെയാണ് നമ്മള്‍ ഏറെ നാളായി കണ്ട് വരുന്നത്. ഇപ്പോളിതാ ഇതിന് പിന്നിലെ കാരണവും ഇരുവരും ആരോഗ്യം വീണ്ടെടുക്കുന്ന വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
പ്രമേഹം ബാധിച്ച് കാലുകളിലേക്ക് പോലും രക്തയോട്ടം ഇല്ലാതെയായി തൊട്ടാല്‍ പോലും അറിയാത്ത അവസ്ഥയിലേക്ക് സായ് കുമാറിന്റെ കാലുകള്‍ മാറിയിരുന്നു. പിന്നീട് വിശദമായ പരിശോധനയില്‍ പ്രമേഹം കിഡ്നിയേയും ബാധിച്ചു തുടങ്ങി എന്നു തിരിച്ചറിയുകയായിരുന്നു.
ഡയബറ്റിക് നെഫ്രോപ്പതി എന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു. കിഡ്നി ശരിക്കും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു തിരിച്ചറിയുന്നത് അതിന്റെ ക്രിയാറ്റിന്‍ ലെവലിലൂടെയാണ്. 1.3 ആണ് പരമാവധി ക്രിയാറ്റിന്‍ ലെവല്‍ വരേണ്ടത്. ചിലര്‍ക്ക് കൃത്യം 1.3ല്‍ നില്‍ക്കുമ്പോള്‍ ഇതു ഓക്കേയാണല്ലോ എന്നു കരുതും. സായ് കുമാറിന്റെ കാര്യത്തിലും അതു തന്നെയായിരുന്നു സംഭവിച്ചത്. എന്നാല്‍ വിദഗ്ധ പരിശോധനയിലാണ് അദ്ദേഹത്തിന്റെ കിഡ്നിയ്ക്ക് 40ശതമാനത്തോളം ഡാമേജ് ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയത്. മാത്രമല്ല, യൂറിനിലൂടെ പോയിരുന്ന പ്രോട്ടീന്‍ അളവ് 3000 വരെയായിരുന്നു. വെറും 20 വേണ്ടിടത്താണ് 3000 എത്തിയത്.
അത്തരത്തില്‍ വളരെ ബുദ്ധിമുട്ടേറിയ ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന അവസ്ഥയിലാണ് സായ് കുമാര്‍ ചികിത്സ തേടിയത്. ഇപ്പോള്‍ യൂറിനിലെ പ്രോട്ടീന്‍ അളവ് 1000ത്തിലേക്ക് എത്തി. ബിന്ദു പണിക്കര്‍ക്കും ഇതേ അവസ്ഥ തന്നെ ആയിരുന്നു. കഴിഞ്ഞ 17 വര്‍ഷത്തോളമായി പ്രമേഹ രോഗിയാണ് ബിന്ദു പണിക്കര്‍. കാലില്‍ വന്ന ഒരു തഴമ്പ് കീറേണ്ടി വന്നത് നാലു വര്‍ഷം മുമ്പാണ്. അതിനു ശേഷം ആ മുറിവ് ഉണങ്ങിയതേയില്ല. ആ മുറിവ് ഡ്രസ് ചെയ്താണ് ഷൂട്ടിംഗിനു മുഴുവന്‍ പോയത്. പിന്നീട് സായ് കുമാറിനൊപ്പം വിദഗ്ധ പരിശോധനയ്ക്ക് തയ്യാറായപ്പോഴാണ് ഭര്‍ത്താവിനെ പോലെ തന്നെ നടിയുടെ കിഡ്നിയും പ്രശ്നമായെന്ന് കണ്ടെത്തിയത്.
ഇപ്പോള്‍ ചികിത്സകള്‍ പൂര്‍ത്തിയാക്കി ഇരുവരും ആരോഗ്യം വീണ്ടെടുക്കുകയാണ്. മുന്‍പ് ഒരാളുടെ കൈപിടിച്ച് മാത്രം നടക്കാന്‍ സാധിച്ചിരുന്ന സായ് കുമാറിന് ഇപ്പോള്‍ തനിച്ചൊരു മല കയറാം എന്ന അവസ്ഥയിലേക്ക് ആരോഗ്യമെത്തിയിട്ടുണ്ട്. ഇനിയും ചികിത്സകള്‍ തുടരുകയാണ്. അതേസമയം, ഇതുപോലെ രോഗാവസ്ഥകള്‍ പോലും ഒരുപോലെയുള്ള ഒരു ദമ്പതികള്‍ അപൂര്‍വ്വമാണെന്ന തമാശയും എത്തിയിട്ടുണ്ട്. ഈ ആരോഗ്യ ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് അദ്ദേഹം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും അഭിനയിച്ചത്.