അടിച്ചുകേറി വാ'.... എന്ന ട്രെന്‍ഡിങ് വാക്ക് ഇപ്പോള്‍ നന്നായി യോജിക്കുക, മലയാളി സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാല്‍ മഞ്ജുവാര്യര്ക്കായിരക്കും. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാളത്തിലെ പ്രമുഖ നടന്മ്മാര്, സമൂഹത്തില്‍ ഒറ്റപ്പെട്ട് നില്ക്കയും, ജാമ്യത്തിനായി കോടതികളിലേക്ക് നെട്ടോട്ടമോടുകയും ചെയ്യുന്ന ഇക്കാലത്ത്, സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം തമിഴിലും അടിച്ചു കേറി വരികയാണ് മഞ്ജു വാരിയര്‍. സ്റ്റൈല്‍ മന്നന് രജനികാന്തിനൊപ്പം ചുവടുവെക്കുന്ന ഗാനം യൂട്യൂബില്‍ റിക്കോര്‍ഡുകള്‍ കടപുഴക്കുകയായാണ്.
ടി.ജി. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന് എന്ന സിനിമയിലാണ് രജനികാന്തിന്റെയും മഞ്ജുവിന്റെയും തകര്‍പ്പന്‍ പ്രകടനം. 'മനസിലായോ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വിഡിയോ യുട്യൂബിലെത്തി. റിലീസ് ചെയ്ത് ആദ്യ രണ്ടു മണിക്കൂറില്‍ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. ട്രെന്‍ഡിങ്ങില്‍ തുടരുന്ന ഗാനത്തിന്റെ പ്രധാന ആകര്‍ഷണം രജനീകാന്തിന്റെയും മഞ്ജുവിന്റെയും ചുവടുകളാണ്.
കറുപ്പണിഞ്ഞ് രജനിയും ചുവന്ന സാരിയില്‍ മഞ്ജുവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ചുവന്ന സാരിക്കൊപ്പം കൂളിങ് ഗ്ലാസ് ധരിച്ച് 'കൂള്‍' ലുക്കിലാണ് മഞ്ജു വാരിയര്‍. പതിവില്‍ നിന്നു വ്യത്യസ്തമായി ലൗഡ് പെര്‍ഫോര്‍മന്‍സുമായാണ് മഞ്ജു എത്തുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ മാന്ത്രിക സംഗീതത്തിലൊരുങ്ങിയ ഗാനം പതിനായിരങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
ജയിലറിനു ശേഷം അനിരുദ്ധും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് വേട്ടയ്യന്. ജയിലറിലെ ഗാനങ്ങള്‍ പോലെ ഈ ചിത്രത്തിലെ ഗാനങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. 'ജയ് ഭീം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന് ജ്ഞാനവേല്‍ ഒരുക്കുന്ന വമ്പന്‍ താരനിരയുള്ള ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണിത്. ഒരു റിട്ട. പോലീസ് ഓഫിസറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. 32 വര്‍ഷങ്ങള്‍ക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടെയാണ് ഇത്.
ഗാനം പുറത്ത് എത്തിതോടെ തമിഴ് ഇന്‍ഡസ്ട്രിയിലും മലയാളത്തിന്റെ പ്രിയ നടി താരപദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്ന് വിലയിരുത്തലുണ്ട്. പ്രമുഖ തമിഴ്- ഇംഗ്ലീഷ് മാസികള്‍ ഇക്കാര്യം എഴുതിക്കഴിഞ്ഞു. യഥാര്‍ത്ഥ സ്ത്രീ ശക്തിയുടെ പ്രതിനിധിയായിട്ടാണ് അവര്‍ മഞ്ജുവിനെ വിലയിരുത്തുന്നത്. സത്യത്തില്‍ ചാരത്തില്‍നിന്ന് ഉയര്‍ത്തെഴുനേറ്റ താരമാണ് ഇവര്‍.