Latest News

നടന്‍ സുശാന്തിന്റേത് കൊലപാതകം; ശരീരം മുഴുവന്‍ രക്തപ്പാടുകള്‍;ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി പോസ്റ്റ്‌മോര്‍ട്ടം സാക്ഷിയായ ആശുപത്രി ജീവനക്കാരന്‍

Malayalilife
 നടന്‍ സുശാന്തിന്റേത് കൊലപാതകം; ശരീരം മുഴുവന്‍ രക്തപ്പാടുകള്‍;ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി പോസ്റ്റ്‌മോര്‍ട്ടം സാക്ഷിയായ ആശുപത്രി ജീവനക്കാരന്‍

ബോളിവുഡിനെ ആകെ പിടിച്ച് കുലുക്കിയ സംഭവം ആയിരുന്നു നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം. യുവനിരയില്‍ ശ്രദ്ധേയനായിരുന്ന സുശാന്തിനെ 2020 ലാണ് ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് കടുത്ത വിഷാദ രോഗത്തിലായിരുന്നു എന്നാണ് അന്ന് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. നടന്റെ മരണം സിനിമാ ലോകത്ത് ഉണ്ടാക്കിയ വിവാദം ചെറുതായിരുന്നില്ല. ബോളിവുഡിലെ കുടുംബാധിപത്യം സുശാന്തിന്റെ കരിയറിനെ ബാധിച്ചെന്നും ഇതില്‍ മാനസികമായി തളര്‍ന്നാണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാലിപ്പോഴിതാ, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കുകയാണ്. നടന്റെ പോസ്റ്റ്‌മോര്‍ട്ടത്തിന് സാക്ഷിയായ കൂപ്പര്‍ ആശുപത്രി ജീവനക്കാരന്‍ രൂപേഷ് കുമാര്‍ ഷായാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. സുശാന്തിന്റേത് കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം നിരവധി പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.

അന്ന് അഞ്ച് മൃതദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് കൂപ്പര്‍ ആശുപത്രിയിലെത്തിയത്. അഞ്ച് ശരീരങ്ങളില്‍ ഒന്ന് ഒരു വി.ഐ.പിയുടേതാണെന്ന് അറിഞ്ഞിരുന്നു. പിന്നീടാണ് അത് സുശാന്തിന്റേതാണെന്ന് മനസ്സിലായത്. സുശാന്തിന്റെ ശരീരത്തിലുടനീളം പാടുകളുണ്ടായിരുന്നു, കഴുത്തില്‍ രണ്ടോ മൂന്നോ പാടുകളാണ് ഉണ്ടായിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റെക്കോഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ മേലധികാരികള്‍ പറഞ്ഞത് മൃതദേഹത്തിന്റെ ചിത്രം പകര്‍ത്തിയാല്‍ മതിയെന്നായിരുന്നു. ഞങ്ങള്‍ അവരുടെ നിര്‍ദ്ദേശം അനുസരിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം ചെയ്ത വ്യക്തിയും സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് അധികൃതരെ അറിയിച്ചിരുന്നു. സുശാന്തിന്റെ ശരീരം കണ്ടപ്പോള്‍ എനിക്കും അത് ആത്മഹത്യയല്ലെന്ന് തോന്നി. കൊലപാതകം തന്നെയാണെന്ന് മേലധികാരികളോട് ഞാന്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രം എടുക്കാന്‍ മാത്രമാണ് അവര്‍ എന്നോട് പറഞ്ഞത്. രാത്രിയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്- രൂപേഷ് കുമാര്‍ ടിവി9 ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2020 ജൂണ്‍ 14 നാണ് സുശാന്തിനെ മുംബൈയിലുള്ള വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചത്. രാജ്യത്ത് വളരെയേറെ കോളിളക്കം സൃഷ്ടിച്ച മരണമായിരുന്നു സുശാന്തിന്റേത്. മുംബൈ പോലീസിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. മയക്കുമരുന്ന് മാഫിയ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇഡി, എന്‍.സി.ബി തുടങ്ങിയ അന്വേഷണ ഏജന്‍സികളും കേസില്‍ ഉള്‍പ്പെട്ടു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ച് നല്‍കി എന്ന കേസില്‍ കാമുകി റിയ ചക്രബര്‍ത്തി അറസ്റ്റിലാവുകയും ചെയ്തു. റിയക്കെതിരേ കടുത്ത ആരോപണങ്ങളാണ് സുശാന്തിന്റെ കുടുംബം ഉന്നയിച്ചത്. കേസില്‍ റിയ പിന്നീട് ജാമ്യത്തിലിറങ്ങി. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നതായിരുന്നു അന്തിമ നിഗമനം.

ബോളിവുഡില്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച നടനാണ് സുശാന്ത്. തുടക്ക കാലത്ത് സിനിമകളില്‍ നിറഞ്ഞ് നിന്നെങ്കിലും പിന്നീട് നടന് വലിയ രീതിയില്‍ അവസരങ്ങള്‍ ലഭിച്ചില്ല. ഇത് സുശാന്തിനെ ബാധിച്ചിരുന്നെന്നായിരുന്നു സൂചന. കരണ്‍ ജോഹര്‍ ഉള്‍പ്പെടെയുള്ള ഫിലിം മേക്കര്‍സ് സുശാന്തിന്റെ മരണത്തിന് പിന്നാലെ കുറ്റപ്പെടുത്തലുകള്‍ക്ക് ഇരയായി. ഏറെ നാള്‍ ബോളിവുഡില്‍ ഇത് സംബന്ധിച്ചുള്ള വിവാദം നിലനിന്നിരുന്നു. സുശാന്ത് മരിച്ചിട്ട് രണ്ടര വര്‍ഷം പിന്നിട്ടിരിക്കുകയാണ്. സിനിമാ ലോകവും ആരാധകരും ഇപ്പോഴും നടനെ ഓര്‍ക്കുന്നു.

അതിനിടെ മുംബൈയില്‍ സുശാന്ത് താമസിച്ചിരുന്ന ഫ്ലാറ്റ് വാങ്ങാന്‍ ആരും ധൈര്യപ്പെടുന്നില്ലെന്ന വാര്‍ത്തയും മാസങ്ങള്‍ക്കു മുമ്പ് പുറത്തു വന്നിരുന്നു. ഈ ഫ്ലാറ്റിലാണ് സുശാന്ത് തൂങ്ങി മരിച്ചത്. അഞ്ച് ലക്ഷം രൂപ മാസ വാടകയ്ക്ക് കൊടുക്കാമെന്ന് പരസ്യം ചെയ്തിട്ടും ആരും ഈ ഫ്ലാറ്റ് വാങ്ങിയിട്ടില്ല. ഫ്ലാറ്റുടമ വിദേശത്ത് ആണുള്ളത്. ഇനി ഒരു ബോളിവുഡ് താരത്തിന് ഈ ഫ്ലാറ്റ് നല്‍കേണ്ടെന്നാണത്രെ ഇദ്ദേഹത്തിന്റെ തീരുമാനം. എത്ര വലിയ താരമാണെങ്കിലും വാടകയ്ക്ക് നല്‍കില്ല. പകരം കോര്‍പറേറ്റുകള്‍ക്ക് ഫ്ലാറ്റ് നല്‍കാനാണ് ശ്രമം. ബ്രോക്കര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത് പ്രകാരം ചിലര്‍ ഈ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കാന്‍ തയ്യാറായി വരും, പക്ഷെ ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ പിന്തിരിപ്പിക്കുകയാണത്രെ.

Sushanth Singh Rajput murdered

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES