ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മോഹന്‍ലാല്‍- ലിജോ കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബനില്‍ മറാത്ത നടി സോണാലി കുല്‍ക്കര്‍ണിയും ഭാഗമാകുന്നു. സോണാലി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പുതുവത്സരം, പുതിയ യാത്ര, പുതിയ ദേശം എന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
സോണാലിയുടെ ആദ്യത്തെ മലയാള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ജീനിയസ് ലിജോ ജോസ് പെല്ലിശ്ശേരിക്കും ലെജന്‍ഡ് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിലൂടെ ന്യൂ ഇയര്‍ പ്രത്യാശ നിറഞ്ഞതായി മാറിയിരിക്കുന്നുവെന്ന സന്തോഷവും സോണാലി പങ്കുവച്ചു.
അതേസമയം, മലൈക്കോട്ടൈ വാലിബനില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ എത്തിയേക്കും. ചിത്രത്തിന്റെ ക്‌ളൈമാക്‌സ് രംഗത്ത് കമല്‍ഹാസനെ കൊണ്ടുവരാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. മോഹന്‍ലാലും കമല്‍ഹാസനും വീണ്ടും ഒരുമിക്കാന്‍ പോവുന്നതിന്റെ ആഹ്‌ളാദത്തിലാണ് ആരാധകര്‍.2019ല്‍ ചാക്രി സംവിധാനം ചെയ്ത ഉന്നൈപോല്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചിട്ടുണ്ട്.
ആമേനുശേഷം പി.എസ് റഫീക്കിന്റെ രചനയില്‍ ഒരുങ്ങുന്ന ലിജോ ചിത്രം കൂടിയാണ് മലക്കോട്ടൈ വാലിബന്‍. ചിത്രീകരണം ജനുവരി 10ന് രാജസ്ഥാനില്‍ ആരംഭിക്കും. അറുപതു ദിവസത്തെ ചിത്രീകരണമാണ് പ്‌ളാന്‍ ചെയ്യുന്നത്. ബോളിവുഡ് താരം വിദ്യുത് ജംവാള്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം.
ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജോണ്‍ മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്.