ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹിതരാവുന്നു. ഫെബ്രുവരി 4, 5 തീയതികളിലാണ് വിവാഹം. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യാഗഢ് ഹോട്ടലില്‍ വച്ച് വിവാഹചടങ്ങുകള്‍ നടക്കുമെന്ന് താരങ്ങളോട് അടുത്ത വൃത്തങ്ങള്‍സ്ഥിരീകരിച്ചു.
താര്‍ മരുഭൂമിയിലേക്കുള്ള ഗേറ്റ്വേ എന്നാണ് ജയ്‌സാല്‍മീറിലെ സൂര്യാഗഢ് ഹോട്ടല്‍ വിശേഷിപ്പിക്കപ്പെടുന്നത്. 83 മുറികളും മനോഹരമായ രണ്ട് പൂന്തോട്ടങ്ങളും വിശാലമായ മുറ്റങ്ങളും ഇവിടുണ്ട്. എയര്‍ കണക്റ്റിവിറ്റി സൗകര്യവുമുണ്ടെന്നതിനാല്‍ തീം വിവാഹങ്ങളുടെ ഇഷ്ടപ്പെട്ട ലൊക്കേഷനുകളില്‍ ഒന്നാണ് ജയ്സാല്‍മീര്‍.
സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വളരെ കുറച്ചുപേരാണ് ചടങ്ങില്‍ പങ്കെടുക്കുക. മുമ്പ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായതും സമാനമായ വിശേഷണമുള്ള പ്രത്യേകവേദിയിലായിരുന്നു.
മാസങ്ങള്‍ക്കു മുന്‍പു തന്നെ ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറെനാളുകളായി ഇരുവരും ഒന്നിച്ചാണ്. എന്നാല്‍ കിയാരയോ സിദ്ധാര്‍ത്ഥോ ഇതുവരെ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ പബ്ലിക്കായി യാതൊരു തരത്തിലുള്ള പ്രഖ്യാപനവും നടത്തിയിട്ടില്ല.
സിദ്ധാര്‍ത്ഥിന്റെ ഏറ്റവും പുതിയ ചിത്രമായ ;മിഷന്‍ മജ്നുവിന്റെ റിലീസിന് അനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തിനിടയില്‍ പോലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും താരം ഒഴിഞ്ഞുമാറുകയായിരുന്നു.
2020ല്‍ പുറത്തിറങ്ങിയ 'ഷെര്‍ഷാ' എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥും കിയാരയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാം ചരണ്‍ തേജയെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ്-തെലുങ്ക് ചിത്രമാണ് കിയാരയുടേതായി വരാനിരിക്കുന്നത്.