വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസില്‍ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം അറസ്റ്റില്‍. ഇന്നു രാവിലെ കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തില്‍നിന്നാണ് ഷിയാസ് പിടിയിലായത്. ഷിയാസിനെതിരെ കേരള പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായില്‍നിന്നു ചെന്നൈയില്‍ എത്തിയപ്പോള്‍ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. ചന്തേര പൊലീസ് ചെന്നൈയിലെത്തി ഷിയാസിനെ കസ്റ്റഡിയിലെടുത്തു.
അതേസമയം, ഷിയാസിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി.ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അതുകൊണ്ട് തന്നെ ഷിയാസിന് ജയിലില്‍ കഴിയേണ്ട ആവശ്യം ഉണ്ടായികില്ല. ഭീഷണിപ്പെടുത്തി വന്‍തുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്ന് ഷിയാസ് ജാമ്യാപേക്ഷയില്‍ പറഞ്ഞു. എറണാകുളത്ത് ഫിറ്റ്നസ് ഇന്‍സ്ട്രക്ടറായ കാസര്‍കോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ കഴിഞ്ഞമാസം ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ജിം പരിശീലകയായ യുവതിയെ ബലാത്സംഗം ചെയ്തു എന്നതിന് പുറമേ പണം തട്ടിപ്പിനും ഗര്‍ഭഛിദ്രം നടത്തിയതിന് അടക്കം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ താരത്തിനെതിരെ ചുമത്തിയിരിക്കുന്നത് ബലാത്സംഗം, വിശ്വാസ വഞ്ചന, നിര്‍ബ്ബന്ധിത ഗര്‍ഭഛിദ്രം മുതലായ വകുപ്പുകളാണ്. ഷിയാസ് തന്നെ ഒരു ബാര്‍ ഹോട്ടലില്‍ മുറിയെടുത്ത ശേഷം വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്നും പരാതിപ്പെടുന്നുണ്ട്. കൂടാതെ പലതവണയായി തന്റെ പക്കല്‍ നിന്നും 11 ലക്ഷം രൂപയോളം വാങ്ങിയതായും തന്നെ ഒന്നിലധികം തവണ നിര്‍ബ്ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്നും ആരോപിക്കുന്നു.
2023 മാര്‍ച്ച് 21-നാണ് ഷിയാസ് കരീം ചെറുവത്തൂരിലെ ഹോട്ടലില്‍ മുറിയെടുത്ത ശേഷം യുവതിയെ വിളിച്ചുവരുത്തി മര്‍ദ്ദിച്ചത്. ബിഗ്‌ബോസ് താരം ഹോട്ടലില്‍ ഡീലക്‌സ് മുറിയെടുത്തതായി ഹോട്ടല്‍ മാനേജര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എറണാകുളത്തെ ഷിയാസ് കരീമിന്റെ ജിംനേഷ്യത്തില്‍ ജിം പരിശീലകയെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി ഷിയാസ് കരീമുമായി ഫോണില്‍ ബന്ധപ്പെട്ടതും എറണാകുളത്തെത്തിയതും. ജിംനേഷ്യത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഷിയാസ് കരീം ഘട്ടം ഘട്ടമായി തന്നില്‍ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് യുവതിയുടെ പരാതി.