നാല് വര്‍ഷത്തിനു ശേഷം എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ തീര്‍ത്ത ആവേശം ആരാധകര്‍ക്കിടയില്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. രാജ്യത്തിന് അകത്തും പുറത്തും കിംഗ് ഖാന്റെ ചിത്രം പ്രദര്‍ശനം തുടരുകയാണ്.പഠാനിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഷാരൂഖ് ആഘോഷങ്ങളെല്ലാം അവസാനിപ്പിച്ച് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് മുഴുകി. കോളിവുഡ് സംവിധായകന്‍ ആറ്റ്‌ലീ ഒരുക്കുന്ന ജവാനാണ് ഷാരൂഖിന്റെ അടുത്ത ചിത്രം. നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്
ഇതിനിടെ ചൈന്നൈയിലെത്തിയ താരം നയന്‍താരയുടെയും അറ്റ്‌ലിയുടെയും മക്കളെ കണ്ട ശേഷമാണ് മടങ്ങിയത്. തെന്നിന്ത്യന്‍ താരറാണിയായ നയന്‍താരയെ കാണാന്‍ ഷാരൂഖ് ഖാന്‍ ചെന്നൈയിലെ വസതിയിലെത്തിയ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.നയന്‍താരയെയും ഭര്‍ത്താവ് വിഘ്‌നേഷിനെയും ഇവരുടെ ഇരട്ടക്കുഞ്ഞുങ്ങളേയും കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഷാരൂഖ് ഖാനും നയന്‍താരയും പ്രധാന വേഷത്തിലെത്തുന്ന 'ജവാന്‍' എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. അര മണിക്കൂറോളം ഷാരൂഖ് നയന്‍താരയുടെ വസതിയില്‍ ചെലവഴിച്ചിരുന്നു. വിവരം അറിഞ്ഞ് താരത്തെ കാണാന്‍ നിരവധി ആരാധകരാണ് നയന്‍താരയുടെ വീട്ടില്‍ എത്തിയത്.
വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഷാരൂഖ് ഖാന് ചുറ്റും ആരാധകര്‍ കൂടുന്നതും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ ഉണ്ട്. കൂടാതെ സൂപ്പര്‍താരത്തെ യാത്രയാക്കാന്‍ നയന്‍താരയും എത്തിയിരുന്നു. കാറില്‍ കയറിയ ഷാരൂഖ് ഖാന്‍, നയന്‍താരയോട് വിടപറഞ്ഞ് പോകുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്.
നയന്‍താരയുടെ എഗ്മോറിലെ വീട്ടിലാണ് ഷാരൂഖ് എത്തിയത്. ആറ്റ്‌ലീയുടെ മകനെയും ഷാരൂഖ് കണ്ടു. ഒരു മാസം മുമ്പാണ് ആറ്റ്‌ലീയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്.
അതേസമയം, ജവാന്റെ ചിത്രീകരണം മുംബയില്‍ പുരോഗമിക്കുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ വില്ലനായി എത്തുന്നത്. നയന്‍താര ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണിത്.