തൃഷയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം 'പരമപാഥം വിളയാട്ട്'ന്റെ പ്രൊമോഷന്‍ പരിപാടികളില്‍ നടി തൃഷ പങ്കെടുക്കുന്നില്ലെന്ന് ആരോപണം.നിര്‍മ്മാതാവായ ടി.ശിവയാണ് തൃഷയ്ക്കെതിരെ രംഗത്തെത്തിയത്.റിലീസിനൊരുങ്ങുന്ന ചിത്രമായ പരമപഥം വിളയാട്ട് എന്ന സിനിമയുടെ നിര്‍മ്മാതാവാണ് ടി ശിവ, ഫെബ്രുവരി 28നാണ് ചിത്രത്തിന്റെ റിലീസ്. ഫെബ്രുവരി 22ന് ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങ് നടന്നിരുന്നു. എന്നാല്‍ തൃഷ ഇതില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. ഇതോടെയാണ് നിര്‍മ്മതാവ് താരത്തിനെതിരെ രംഗത്തെത്തിയത്.
യുവ സംവിധായകനായ തിരുഞ്ജനത്തോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ് നായകനില്ലാതെ തൃഷയെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ താരം പ്രമോഷനുകളില്‍ പങ്കെടുക്കുന്നില്ല. റിലീസ് അടുക്കുന്തോറും ഇങ്ങനെ വിട്ട് നിന്നാല്‍ പ്രതിഫലത്തില്‍ നിന്നും ഒരു വിഹിതം തിരികെ തരണമെന്ന് നിര്‍മ്മാതാവ് പറയുന്നു. ഇത് എല്ലാ താരങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും നിര്‍മാതാവ് കൂട്ടിച്ചേര്‍ത്തു.
പേട്ടയ്ക്ക് ശേഷം തൃഷ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പരമപഥം വിളയാട്ട് . സിനിമാ പ്രൊമോഷനുകളില്‍ പങ്കെടുക്കുന്നില്ല എന്ന കാരണത്താല്‍ മുന്‍പ് നയന്‍താരക്കെതിരേയും നിര്‍മാതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.