Latest News

പാവാട പോലുള്ള വള്ളി ട്രൗസറുമിട്ട് മലയാളികളെ ചിരിപ്പിച്ച 'കുടിയന്‍'; അയ്യപ്പ ബൈജു ഇപ്പോള്‍ എവിടെ;നടന്‍ പ്രശാന്ത് പുന്നപ്രയ്ക്ക് സംഭവിച്ചത്?

Malayalilife
 പാവാട പോലുള്ള വള്ളി ട്രൗസറുമിട്ട് മലയാളികളെ ചിരിപ്പിച്ച 'കുടിയന്‍'; അയ്യപ്പ ബൈജു ഇപ്പോള്‍ എവിടെ;നടന്‍ പ്രശാന്ത് പുന്നപ്രയ്ക്ക് സംഭവിച്ചത്?

യ്യപ്പ ബൈജു അല്ലെങ്കില്‍ കള്ളുകുടിയന്‍ ബൈജു.. മലയാളികള്‍ ഇതുപോലെ സ്നേഹിച്ച ഒരു കള്ളുകുടിയന്‍ വേറെയുണ്ടാകില്ല. അന്നും ഇന്നും വള്ളി ട്രൗസറും മുഷിഞ്ഞ ലുങ്കിയും കുടുക്കഴിച്ചിട്ട ഷര്‍ട്ടും ആടിയാടിയുള്ള ആ വരവും മാത്രം മതി നിര്‍ത്താതെ ചിരിക്കാനുള്ള വക നല്‍കുവാന്‍. ഒരു കാലത്ത് മലയാളി മനസുകളില്‍ നിത്യഹരിത കള്ളുകുടിയനായി വിലസിയ ആ കലാകാരന്‍ ഇപ്പോള്‍ എവിടെയാണ്.. സ്റ്റേജ് പ്രോഗ്രാമുകല്‍ലാ സിനിമകളിലോ ഒന്നും സജീവമല്ലാത്ത പ്രശാന്ത് പുന്നപ്ര എന്ന ആ കലാകാരന്‍ സോഷ്യല്‍ മീഡിയയില്‍ പോലും സജീവമല്ല. ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അദ്ദേഹത്തിന്റെ ഏതാനും ഇന്റര്‍വ്യൂകള്‍ മാത്രമാണ് അദ്ദേഹത്തെ കുറിച്ച് അവസാനമായി ലഭിച്ചിട്ടുള്ള വിവരം.

ചങ്ങനാശ്ശേരിയില്‍ ജനിച്ച പ്രശാന്ത് വളര്‍ന്നതും പഠിച്ചതുമെല്ലാം അച്ഛന്റെ നാടായ പുന്നപ്രയിലാണ്. കൂലിപ്പണിക്കാരനായ നാട്ടിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകനായ രാമചന്ദ്രന്റെയും സരളയുടെയും മൂന്നു മക്കളില്‍ ഒരാളായി ജനിച്ച പ്രശാന്തിന് രണ്ടു സഹോദരിമാരാണ് ഉണ്ടായിരുന്നത്. പ്രവിതയും പ്രീതയും. അറവുകാട് എല്‍പി സ്‌കൂളിലും പുന്നപ്ര യുപി സ്‌കൂളിലും അറവുകാട് ഹൈസ്‌കൂളിലേക്കും എത്തി. പക്ഷെ.. പത്താം ക്ലാസില്‍ തോറ്റു. അങ്ങനെയിരിക്കെയാണ് പ്രശാന്ത് പ്രൈവറ്റായി പഠിച്ച് പത്താം ക്ലാസ് പാസായത്. തുടര്‍ന്നാണ് ആലപ്പുഴ എസ്ഡി കോളേജില്‍ പ്രീഡിഗ്രി പഠിക്കാനെത്തിയത്. ഒരൊറ്റ മുണ്ടും ഷര്‍ട്ടും മാത്രമെ ധരിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. അതു കീറിയപ്പോള്‍ പ്രീഡിഗ്രി പഠനവും അവസാനിച്ചു.

അതിനു ശേഷം കൂട്ടുകാര്‍ക്കൊപ്പം കൂലിപ്പണിയ്ക്കു പോകുന്നതിനിടെയാണ് നാട്ടിലെ രണ്ടു കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ആദ്യമായി പ്രജനി എന്ന പേരില്‍ ഒരു ട്രൂപ്പുണ്ടാക്കിയത്. പിന്നീട് ഒരുപാട് ട്രൂപ്പുകളിലേക്ക് എത്തി. കൊച്ചിന്‍ മിമിക്സ് മീഡിയയില്‍ കളിക്കവേയാണ് ആദ്യമായി കള്ളുകുടിയനായത്. കാണികള്‍ക്കിടയില്‍ നിന്നും കള്ളുകുടിയനായി അഭിനയിച്ച് എത്തിയപ്പോള്‍ പരിപാടി അലമ്പാക്കാന്‍ വന്നയാളാണെന്ന് കരുതി നാട്ടുകാര്‍ അടിപൊട്ടിക്കുകയും ചെയ്തു. എങ്കിലും കഥാപാത്രത്തെ വിടാതെ വേദിയില്‍ അഭിനയിച്ചു തകര്‍ക്കുകയും ചെയ്തു. അതോടെ പ്രശാന്തിന്റെ കള്ളുകുടിയന്‍ വേഷം അതീവ ശ്രദ്ധ നേടുകയും ചെയ്തു.
 
അങ്ങനെയിരിക്കെയാണ് മറ്റൊരു ട്രൂപ്പിന്റെ കല്യാണവീട്ടിലെ കള്ളുകുടിയന്റെ സ്‌കിറ്റ് പ്രശാന്തും കൂട്ടുകാരും കണ്ടത്. അതു ചെയ്താലോ എന്ന ആലോചന ഉണ്ടായെങ്കിലും മറ്റൊരു ടീമിന്റെ സ്‌കിറ്റ് എടുക്കുന്നത് മോശമായതിനാല്‍ അതു ചെയ്തില്ല. അതിലെ നാട്ടിലെ ഒരു പരിപാടിയ്ക്കു വേണ്ടി ഈ സ്‌കിറ്റ് അവതരിപ്പിച്ചത്. അത് പുന്നപ്ര മുഴുവന്‍ വലിയ തരംഗമായി മാറി. കൊച്ചിന്‍ ഒനീഡ എന്ന ടീമിലായിരുന്നു അന്ന് പ്രശാന്ത്. ആ സീസണ്‍ അവസാനിക്കാനിരിക്കെ കാഞ്ഞങ്ങാട് ഈ സ്‌കിറ്റ് കളിച്ചു. അതും വലിയ ഹിറ്റായി മാറി. പ്രോഗ്രാം കണ്ട ഏജന്‍സിക്കാര്‍ മുന്‍പ് തീരുമാനിച്ചിരുന്ന പരിപാടികള്‍ കാന്‍സല്‍ ചെയ്ത് പ്രശാന്തിന്റെ ഈ പരിപാടി ബുക്ക് ചെയ്തു. അതിനൊപ്പം എല്ലൂര്‍ ഗുരുക്കള്‍ എന്ന സ്‌കിറ്റ് കൂടി തരംഗമായി മാറി.

പിന്നീട് സെവന്‍ ആര്‍ട്‌സ് എന്ന മികച്ച ടീമിലേക്ക് പ്രശാന്ത് എത്തി. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോഴാണ് ആദ്യമായി 2001ല്‍ ഗള്‍ഫില്‍ പോയത്. പിന്നീടങ്ങോട്ട് ശുക്രനുദിച്ചതു പോലെയായിരുന്നു. അതിനു ശേഷം ഗള്‍ഫ് ട്രിപ്പ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പ്രേംകുമാര്‍, കല്‍പ്പന, കൊല്ലം തുളസി, ടിനി ടോം, ഉണ്ടപക്രു എന്ന അജയകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം യുകെയിലേക്ക് പോകുന്നത്. അങ്ങനെയാണ് അയ്യപ്പ ബൈജു എന്ന കഥാപാത്രം പ്രവാസികള്‍ക്കിടയിലും പതുക്കെ മിനിസ്‌ക്രീനിലും തരംഗമായി മാറുന്നതും.

തുടര്‍ന്ന് ആശ എന്ന പെണ്‍കുട്ടിയെയാണ് പ്രശാന്ത് വിവാഹം കഴിച്ചതും. മാണിക് ഷാന്ത്, മേനക് ഷാന്ത് എന്നിവരാണ് പ്രശാന്തിന്റെ മക്കള്‍. അതിനിടെ മിറര്‍ എന്നൊരു ട്രൂപ്പും അദ്ദേഹം സ്വന്തമായുണ്ടാക്കി. എന്നാല്‍ പൊടുന്നനെ പ്രശാന്തിനെ സ്റ്റേജ് ഷോകളില്‍ നിന്നെല്ലാം കാണാതാവുകയായിരുന്നു. ഇടയ്ക്ക് കുറച്ച് മലയാള സിനിമകളിലും ആറേഴ് തമിഴ് സിനിമകളിലും എല്ലാം അഭിനയിച്ച താരം ഈ 2023 കാലത്തും സോഷ്യല്‍ മീഡിയയില്‍ പോലും അംഗമല്ല.

PRASANTH PUNNAPRA

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES