നയൻതാരയെ എല്ലാവർക്കും അറിയാം. എന്നാൽ വേണുസ്വാമിയെ? തമിഴകത്തെ സെലിബ്രിറ്റികളുടെ ഭാവി പ്രവചിക്കുന്ന ജ്യോത്സ്യരാണ് വേണുസ്വാമി. സ്വാമിയുടെ ആരാധകർ പറയുക അദ്ദേഹം പ്രവചിച്ചാൽ അതുസംഭവിക്കുമെന്നാണ്. എന്നാൽ, ഇപ്പോൾ വേണുസ്വാമിയുടെ ഒരു പ്രവചനം നയൻതാര ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ്. ഭർത്താവ് വിഘ്‌നേഷ് ശിവനും രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുമായി നയൻതാര സമാധാനത്തോടെ ജീവിക്കുന്നെങ്കിലും, ചില വിവാദങ്ങൾ താരത്തെ അലട്ടുന്നുണ്ട്. ഏറ്റവുമൊടുവിൽ മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് അന്നപൂരണി സിനിമയുടെ പേരിൽ നയൻസിന് എതിരെ കേസ് വന്നിരിക്കുകയാണ്. വിഘ്‌നേഷ് ശിവനുമായി നയൻതാര പിരിയുമെന്നാണ് വേണു സ്വാമിയുടെ പ്രവചനം. ഇവരുടെ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് ഇയാൾ നേരത്തെ പ്രവചിച്ചിരുന്നു.
വിവാഹ ശേഷം തിരുപ്പതിയിൽ വച്ച് ആണ് ആദ്യ പ്രശ്‌നം വന്നത്. ക്ഷേത്രാങ്കണത്തിൽ നടി ചെരുപ്പ് ധരിച്ചെന്നതായിരുന്നു ഇത്. വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതും വിവാദത്തിന് വഴിവച്ചിരുന്നു. ശേഷം വിഘ്‌നേഷ് ശിവന്റെ കരിയറിലാണ് പ്രശ്‌നം നടന്നത്. അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ വിഘ്‌നേഷ് തീരുമാനിച്ചിരുന്നു. ഇതിൽ നിന്നും പിന്നീട് ഇദ്ദഹത്തെ മാറ്റിയത് ഏറെ ശ്രദ്ധനേടി. പ്രദീപ് രംഗനാഥനെ വച്ച് എൽഐസി എന്നൊരു സിനിമ വിഘ്‌നേഷ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടൈറ്റിലിന്റെ പേരിൽ നടന്ന വിവാദം പ്രശ്‌നമായി.
അന്നപൂരണി എന്ന നയൻതാര ചിത്രമാണ് ഏറ്റവുമൊടുവിൽ പ്രശ്‌നത്തിൽ പെട്ടത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന വിവാദം വന്നതോടെ സിനിമ നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്യുകയും, പിന്നാലെ കേസ് വരികയും ചെയ്തു.സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോയും ട്രിഡെന്റ് ആർട്‌സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് നിർമ്മാതാക്കൾക്കെതിരെ മുൻ ശിവസേന നേതാവ് രമേശ് സോളങ്കി പരാതി നൽകിയിരുന്നു. ചിത്രം ഹിന്ദു വിരുദ്ധമാണെന്നും ഭഗവാൻ രാമൻ മാംസം ഭക്ഷിച്ചെന്ന് പറയുന്ന രംഗം മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.മതവികാരം വ്രണപ്പെടുത്തിയതിൽ മാപ്പ് ചോദിക്കുന്നുവെന്നും വിവാദ രംഗങ്ങൾ നീക്കുമെന്നും സീ സ്റ്റുഡിയോ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. ഡിസംബർ ഒന്നിന് തിയേറ്ററിലെത്തിയ അന്നപൂരണി ഡിസംബർ 29നാണ് നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീം ചെയ്തത്. കഴിഞ്ഞ ദിവസം ചിത്രം പിൻവലിക്കുകയും ചെയ്തു.
പ്രവചനങ്ങളുടെ കാര്യത്തിൽ ഒരുമയവും ഇല്ലാത്തയാളാണ് വേണുസ്വാമി. സാമന്തയും നാഗ ചൈതന്യയും വിവാഹമോചിതരാകുമെന്ന് ഇയാൾ പ്രവചിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. പ്രഭാസിന് വിവാഹയോഗം ഇല്ലെന്ന് വേണു പറഞ്ഞത് വിവാദമായി. ഇതിന്റെയൊക്കെ പേരിൽ സൈബറാക്രമണങ്ങൾ ഉണ്ടായാലും പോയി പണി നോക്കാൻ പറയുന്ന തരക്കാരനാണ് വേണുസ്വാമി.