Latest News

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍; ലാലിനെ ആശ്ലേഷിച്ച് അനുഗ്രഹിച്ച് അമൃതാനന്ദമയി; പാദപൂജ ചടങ്ങലും സജീവമായി താരം; സനാതനധര്‍മം 'തേനീച്ച തേന്‍ നുകരുന്നത് പോലെ'യെന്ന് അമ്മ

Malayalilife
 മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍; ലാലിനെ ആശ്ലേഷിച്ച് അനുഗ്രഹിച്ച് അമൃതാനന്ദമയി; പാദപൂജ ചടങ്ങലും സജീവമായി താരം; സനാതനധര്‍മം 'തേനീച്ച തേന്‍ നുകരുന്നത് പോലെ'യെന്ന് അമ്മ

മാതാ അമൃതാമനന്ദമയിയുടെ സപ്തതി ആഘോഷ ചടങ്ങുകള്‍ പുരോഗമിക്കുന്നു. ആഘോഷത്തില്‍ സജീവമായി പങ്കാളിയായി നടന്‍ മോഹന്‍ലാലും. അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന മോഹന്‍ലാല്‍ ഹാരമര്‍പ്പിച്ച് അനുഗ്രഹം വാങ്ങി. പാദപൂജ ചടങ്ങലും മോഹന്‍ലാല്‍ സജീവ സാന്നിദ്ധ്യമായിരുന്നു.

അമൃത വിശ്വവിദ്യാപീഠം കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ഒരേ സമയം 25,000-ത്തിലധികം പേര്‍ക്ക് ഇരുന്ന് ആഘോഷപരിപാടികള്‍ കാണാനുള്ള സൗകര്യമുണ്ട്. സുരക്ഷാമുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഡി.ഐ.ജി. ആര്‍.നിശാന്തിനി, സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച രാവിലെ അമൃതപുരിയിലെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ്, ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമുതലാണ് ജന്മദിനാഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്. പുലര്‍ച്ചെ അഞ്ചിന് മഹാഗണപതിഹോമം, ഏഴിന് സത്സംഗം, 7.45-ന് സംഗീതസംവിധായകന്‍ രാഹുല്‍ രാജും സംഘവും അവതരിപ്പിക്കുന്ന നാദാമൃതം, ഒന്‍പതിന് ഗുരുപാദപൂജ എന്നിവ നടന്നു. തുടര്‍ന്ന് മാതാ അമൃതാനന്ദമയി ജന്മദിനസന്ദേശം നല്‍കി.

സനാതനധര്‍മം എന്നും നാനാത്വത്തെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ടെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. ഋഷിമാര്‍ നാനാത്വത്തില്‍ വൈരുദ്ധ്യം കണ്ടിട്ടില്ല. അതിനെ നിഷേധിച്ചിട്ടുമില്ല. നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കാന്‍ ഋഷിമാര്‍ പഠിപ്പിച്ചു. ആ കാഴ്ചപ്പാടില്‍ വിദ്വേഷമില്ല, പകയില്ല, ദുഃഖമില്ല, ക്രോധമില്ല. എല്ലാവരിലും എല്ലാത്തിലും നന്മ മാത്രം ദര്‍ശിക്കാനാണ് അത് പഠിപ്പിക്കുന്നതെന്നും മാതാ അമൃതാനന്ദമയി തന്റെ 70-ാം ജന്മദിന സന്ദേശത്തില്‍ പറഞ്ഞു.

'സൃഷ്ടിയുടെ സൗന്ദര്യം നാനാത്വത്തിലാണ്. സനാതന ധര്‍മ്മം എന്നും നാനാത്വത്തെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഋഷിമാര്‍ നാനാത്വത്തില്‍ വൈരുദ്ധ്യം കണ്ടിട്ടില്ല. അതിനെ നിഷേധിക്കുകയും ചെയ്തിട്ടില്ല. കാരണം പലതായി കാണുന്നെങ്കിലും, എല്ലാം ഒന്നിന്റെ തന്നെ വിവിധ നാമങ്ങളും രൂപങ്ങളും ആണെന്നറിയുകയും അനുഭവിക്കുകയും ചെയ്തവരായിരുന്നു അവര്‍. ഒരു പൂന്തോട്ടത്തില്‍ അനേകം വര്‍ണ്ണത്തിലും നിറത്തിലും ആകൃതിയിലുമുള്ള പുഷ്പങ്ങള്‍ ഉണ്ടാകും. പക്ഷേ തേനീച്ച എല്ലാത്തില്‍ നിന്നും തേന്‍ മാത്രം നുകരുന്നത് പോലെ, നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കാന്‍ ഋഷിമാര്‍ നമ്മളെ പഠിപ്പിച്ചു. ആ കാഴ്ചപ്പാടില്‍ വിദ്വേഷമില്ല, പകയില്ല, ദുഃഖമില്ല, ക്രോധമില്ല. എല്ലാവരിലും എല്ലാത്തിലും നന്മ മാത്രം ദര്‍ശിക്കുന്നു'- മാതാ അമൃതാനന്ദമയി ഓര്‍മ്മിപ്പിച്ചു.

സാംസ്‌കാരിക സമ്മേളനത്തില്‍ 193 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്കയിലെ ബോസ്റ്റണ്‍ ഗ്ലോബല്‍ ഫോറവും മൈക്കല്‍ ഡ്യൂക്കാക്കിസ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വേള്‍ഡ് ലീഡര്‍ ഫോര്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി പുരസ്‌കാരം അമൃതാനന്ദമയിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് അമൃതകീര്‍ത്തി പുരസ്‌കാരവിതരണം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അമൃതശ്രീ പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം, അമൃതശ്രീ തൊഴില്‍ നൈപുണ്യ വികസനകേന്ദ്രങ്ങളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ 5,000 സ്ത്രീകള്‍ക്കുള്ള ബിരുദദാന വിതരണം, 300 പേര്‍ക്ക് നല്‍കുന്ന ചികിത്സാസഹായ പദ്ധതിയുടെ ഉദ്ഘാടനം, 108 സമൂഹവിവാഹം, നാലുലക്ഷം പേര്‍ക്കുള്ള വസ്ത്രദാനം എന്നിവയുണ്ടാകും.

Read more topics: # മോഹന്‍ലാല്‍
Mohanlal Visited Amma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES