മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത് ഏറെ നിരൂപക പ്രേക്ഷക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറഞ്ഞ ചിത്രം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം കൂടിയായിരുന്നു ഇത്. അടുത്തിടെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ യാത്ര 2വുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകളാണ് സിനിമാപ്രേക്ഷകര്‍ക്ക് ഇടയിലെ ചര്‍ച്ചാ വിഷയം.
ചിത്രത്തിന്റെ രണ്ടാംഭാഗം യാത്ര 2 ഇന്ന് ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദിലെ റാമോജിറാവു ഫിലിം സിറ്റിയില്‍ ആണ് ചിത്രീകരണം.
വൈ.എസ്. രാജശേഖര റെഡ്ഡിയാവാന്‍ മമ്മൂട്ടി ഇന്ന് ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും.15 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നല്‍കിയിട്ടുള്ളത്. ജഗന്‍ മോഹനായി തമിഴ് നടന്‍ ജീവ എത്തുന്നു. യാത്രയുടെ സംവിധായകനായ മഹി വി. രാഘവ് തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.
ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പ്രഖ്യാപിക്കും. അടുത്തവര്‍ഷം നടക്കുന്ന ആന്ധ്ര തിരഞ്ഞെടുപ്പിന് മുന്നോടിയായി യാത്ര 2 റിലീസ് ചെയ്യാനാണ് തീരുമാനം. വൈ.എസ്.ആര്‍ എന്ന നേതാവ് ആന്ധ്രയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് 1475 കിലോമീറ്റര്‍ നടത്തിയ ഐതിഹാസിക പദയാത്രയായിരുന്നു യാത്ര എന്ന ജീവചരിത്ര സിനിമയുടെ പ്രമേയം.
അതേസമയം ഏജന്റിനുശേഷം മമ്മൂട്ടി വീണ്ടും തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്.വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഇനി അഭിനയിക്കുന്നത്.