Latest News

എത്ര ന്യൂ ജനറേഷന്‍ വന്നാലും ഇവരുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും; അത് ആഴത്തില്‍ പതിച്ചതാണ്:എംഎ നിഷാദ്

Malayalilife
എത്ര ന്യൂ ജനറേഷന്‍ വന്നാലും ഇവരുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും; അത് ആഴത്തില്‍ പതിച്ചതാണ്:എംഎ നിഷാദ്

ലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് എം. എ നിഷാദ്. മലയാള സിനിമയുടെ താരരാജാക്കന്മാരായി മോഹന്‍ലാലും മമ്മൂട്ടിയും  വാഴാന്‍ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ ആകുകയും ചെയ്തു.  പലപ്പോഴും ഇവരില്‍ ആരാണ് കേമന്‍ എന്ന് തര്‍ക്കമാണ് നടക്കാറുള്ളത്.  സൂപ്പര്‍ ഹിറ്റ് സിനിമകളുമായി താരങ്ങള്‍ ഇന്നും ഉത്തരം കിട്ടാത്ത ആ ചോദ്യം അങ്ങനെ തുടരുമ്പോഴും വരികയാണ്. എന്നാൽ ഇപ്പോൾ വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത ഒരു ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്.

'ഒരു ഫയല്‍ ചിത്രം' കോവിഡ് വീണ്ടും കേരളത്തില്‍, പടര്‍ന്ന് പിടിക്കുന്ന വാര്‍ത്തകളാണെവിടേയും. ഭയം വേണ്ട ജാഗ്രത മതി, എന്ന ആപ്തവാക്യം ശിരസ്സാ വഹിക്കുന്നെണ്ടെങ്കിലും, ഒരു ex- കോവിഡുകാരനായ എനിക്ക്, ആശങ്കയില്ലാതില്ല. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുന്നത് ഓരോ പൗരനും പാലിക്കേണ്ട മിനിമം മര്യാദയാണ്. അങ്ങനെയേ പാടുളളൂ. അത് കൊണ്ട് തന്നെ വീട് ഒന്നുഷാറാക്കാന്‍ തീരുമാനിച്ച പ്രകാരം വാപ്പയുടെ ഓഫീസ് മുറിയിലെ അദ്ദേഹത്തിന്റെ പുസ്തക ശേഖരണത്തിനിടയില്‍ നിന്ന് വീണ് കിട്ടിയതാണ് ഈ ചിത്രം.

പണ്ടെങ്ങോ ഒരു ഷൂട്ടിംഗ് സെറ്റില്‍ വെച്ച് രണ്ട് മഹാനടന്മാരുടെ ഇടയില്‍ നിന്നെടുത്ത പടം. ഓര്‍മ്മ ശരിയാണെങ്കില്‍ ശ്രീ ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ് എന്ന സിനിമയുടെ ലൊക്കേഷനില്‍. ആലപ്പുഴയിലെ പാച്ചിക്കയുടെ വീട്ടില്‍. രണ്ട് മഹാരഥന്മാരുടെ കൂടെ നിന്നെടുത്ത ചിത്രത്തിന് വലിയ പ്രചാരം അന്ന് ലഭിച്ചില്ല. കാരണം അന്ന് സുക്കറണ്ണന്‍ മുഖപുസ്തകം തുടങ്ങിയിട്ടില്ല. മലയാള സിനിമയെ പുതിയ പാന്ഥാവിലേക്ക് അല്ലെങ്കില്‍ ശരിയായ ദിശയിലേക്ക് നയിച്ചതില്‍ ഈ രണ്ട് നടന്മാരുടെ പങ്ക് വളരെ വലുതാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

എത്ര ന്യൂ ജനറേഷന്‍ വന്നാലും ഇവരുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും. അത് ആഴത്തില്‍ പതിച്ചതാണ്. ഇവരില്‍ ആരാണ് കേമന്‍ അല്ലെങ്കില്‍ മികച്ചത് എന്ന തര്‍ക്കം മലയാളി സിനിമാ പ്രേക്ഷകരുടെ ഒരു ചര്‍ച്ചാ വിഷയമായിട്ട് നാളേറെയായി. ഇന്നും ആ തര്‍ക്കം അഭംഗുരം തുടരുന്നു. പണ്ട് തീയറ്ററുകളിലായിരുന്നെങ്കില്‍ ഇന്ന് സമൂഹമാധ്യമങ്ങളിലായി തര്‍ക്കം. ഏട്ടന്‍ ഫാന്‍സും, ഇക്കാ ഫാന്‍സും, തങ്ങളുടെ ആരാധനാമൂര്‍ത്തികള്‍ക്ക് വേണ്ടി കളം നിറഞ്ഞാടുന്നു. കട്ടൗട്ടറുകളില്‍ പാലഭിഷേകം പോലെയുളള കലാപരിപാടികള്‍ ഇക്കൂട്ടര്‍ ഒഴിവാക്കിയത് വളരെ നല്ല കാര്യമാണ്.

കൂടുതലും ജീവകാരുണ്യ പ്രവര്‍ത്തികളില്‍ ശ്രദ്ധ കേന്ദ്രികരിക്കാന്‍ തീരുമാനിച്ചു എന്നാണറിവ്. (ഫാന്‍സുകാരുടെ കാര്യമാണ്. എല്ലാ പ്രേക്ഷകരേയും അല്ല) ഈ രണ്ട് മഹാ നടന്മാരുടേയും മികച്ച വേഷങ്ങള്‍ ഇനിയും വെളളിത്തിരയില്‍ എത്തിയിട്ടില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കും ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങള്‍ പ്രതിഭാധനരായ എഴുത്തുകാരുടേയും സംവിധായകരുടേയും ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ അവസരം ലഭിച്ചു എന്നുളളതാണ്.

വാനപ്രസ്ഥം, സദയം, കിരീടവും മോഹന്‍ലാലിലെ നടന്‍ നമ്മളെ വിസ്മയിപ്പിച്ച കഥാപാത്രങ്ങളാണ്. ഒരു വടക്കന്‍ വീരഗാഥയും ,വിധേയനും അമരവും, മമ്മൂട്ടി എന്ന നടനെ സ്ഫുടം ചെയ്‌തെടുത്തു. അത്തരം കാമ്പുളള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ഈ രണ്ട് നടന്മാരും നമ്മളെ വിസ്മയിപ്പിക്കുമെന്ന പ്രതീക്ഷയോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. NB- എഴുതാന്‍ ഇനിയുമുണ്ട്. തല്‍ക്കാലം വിവാദത്തിനില്ല. എന്തിന്?

MA Nishad words about mohanlal and mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES