എ ആര്‍ റഹ്മാനും ഭാര്യ സൈറ ബാനുയും വിവാഹമോചിതരാകുന്നുവെന്ന ഔദ്യോഗിക സ്ഥിരീകരണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതിനെക്കുറിച്ച് എ ആര്‍ റഹ്മാന്റെ ഭാര്യ സൈറയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. പിന്നാലെ എ ആര്‍ റഹ്മാനും പ്രതികരിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റഹ്മാന്റെ മകന്‍ എആര്‍ അമീന്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മാതാപിതാക്കളുടെ വേര്‍പിരിയല്‍ സംബന്ധിച്ച് പ്രതികരണമെത്തിയത്.
'ഞങ്ങളുടെ സ്വകാര്യത ഈ സമയത്ത് മാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളെ മനസിലാക്കിയതിന് നന്ദി' എന്നാണ് ഗായകന്‍ കൂടിയായ റഹ്മാന്റെ മകന്‍ എഴുതിയിരിക്കുന്നത്. കൂടുതല്‍ മാതാപിതാക്കളുടെ വിവാഹമോചനം സംബന്ധിച്ച് അമീന്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, വേര്‍പിരിയലിനെ കുറിച്ച് എ ആര്‍ റഹ്മാന്‍ പ്രതികരിച്ചിരുന്നു. 'ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം.
വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു', എന്നായിരുന്നു റഹ്മാന്റെ കുറിപ്പ്. എആര്‍ആര്‍ സൈറ ബ്രേക്ക് അപ് എന്ന ഹാഷ്ടാഗും റഹ്മാന്‍ നല്‍കിയിരുന്നു.
ഇരുവര്‍ക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വൈകാരികസംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്‌നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നും കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്താക്കുറിപ്പിലുണ്ടായിരുന്നു.
നേരത്തെ മകള്‍ ഖദീജ റഹ്മാന്റെ സിനിമാസംഗീതരംഗത്തേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ചു വാചാലനായി എ.ആര്‍.റഹ്മാന്‍ രംഗത്ത് വന്നിരുന്നു . മകളെ അധിക്ഷേപിക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കുമുള്ള മറുപടിയാണ് ഈ പുതിയ തുടക്കമെന്ന് റഹ്മാന്‍ പറഞ്ഞിരുന്നു. ഹലിത ഷമീം സംവിധാനം ചെയ്യുന്ന 'മിന്‍മിനി' എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് ഖദീജ സിനിമാരംഗത്തു തുടക്കം കുറിച്ചത്. ഇന്നലെ രാത്രി പുറത്തുവന്ന എആര്‍ റഹ്മാന്റെ വിവാഹമോചന പ്രഖ്യാപനം വലിയ ചര്‍ച്ചകളാണ് സൃഷ്ടിക്കുന്നത്.