വാശിയും നിശ്ചയദാര്‍ഢ്യവുമാണ് നയന്‍താരയെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആക്കിയതെന്ന് ഡബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. പല രീതിയില്‍ സമൂഹവും സിനിമാലോകവും അവരെ തളര്‍ത്താന്‍ നോക്കി. എന്നാല്‍, പരിഹസിച്ചവരുടെ മുന്‍പില്‍ സ്വന്തമായി ഒരു സിംഹാസനം പണിത് അവിടെ തലയുയര്‍ത്തി ഇരിക്കുകയാണ് നയന്‍താരയെന്ന് ഭാഗ്യലക്ഷ്മി കുറിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം
കുറിപ്പ് ഇങ്ങനെ:
'ബോഡി ഗാര്‍ഡ്' സിനിമ ഡബ്ബ് ചെയ്തു എന്നല്ലാതെ യാതൊരു പരിചയവും ഞങ്ങള്‍ തമ്മില്‍ ഇല്ല. ഒരിക്കല്‍ ഒരു വിവാഹത്തിന് പോയിട്ട് ഞാന്‍ ഇറങ്ങുമ്പോള്‍ നയന്‍താര വരുന്നു.
ചേച്ചി എന്ന് വിളിച്ചുകൊണ്ട് ഓടിവന്ന് കെട്ടിപ്പിടിച്ചു. ഞാന്‍ അദ്ഭുതപ്പെട്ടു. പിന്നീട് ഒരു സിനിമയ്ക്ക് ഡബ്ബ് ചെയ്യാന്‍ നേരിട്ട് വിളിച്ചു. വ്യക്തിപരമായ മറ്റ് കാരണം കൊണ്ട് ഞാനത് നിരസിച്ചു. 'ചേച്ചി ചെയ്യില്ലെങ്കില്‍ ഞാന്‍ സ്വന്തമായി ചെയ്‌തോളാം' എന്ന് പറഞ്ഞു.
പണ്ട് ഉര്‍വശിയും അങ്ങനെയായിരുന്നു. ഞാന്‍ ചെയ്യാത്തതുകൊണ്ട് സ്വന്തമായി ചെയ്തു തുടങ്ങി. അങ്ങനെ വാശിവേണം. ആ വാശിയാണ് അവരെ വളര്‍ത്തുന്നത്. നയന്‍താരയുടെ നിശ്ചയദാര്‍ഢ്യമാണ് അവരെ 'ലേഡി സൂപ്പര്‍സ്റ്റാര്‍ ആക്കിയത്.
ഏതെല്ലാം രീതിയില്‍ സമൂഹവും സിനിമാ ലോകവും അവരെ തളര്‍ത്താന്‍ നോക്കി. സ്വന്തമായി ഒരു സിംഹാസനം പണിത്, തന്നെ പരിഹസിച്ചവരുടെ മുന്‍പില്‍ അവര്‍ തല നിമിര്‍ന്ന് ഇരിക്കുന്നു. പുരുഷാധിപത്യ രംഗത്ത് അതത്ര എളുപ്പമല്ല. അവരുടെ പോരാട്ടത്തിന്റെ വിജയമാണ് ഈ ഡോക്യുമെന്ററി.