പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണണമെന്ന അമ്മായി അമ്മയുടെ ആഗ്രഹം സഫലമാക്കി നടിയും ബിജെപി നേതാവും ദേശീയ വനിതാകമ്മീഷന്‍ അംഗവുമായ ഖുശ്ബു. മോദിയുമൊത്തുള്ള നിരവധി ചിത്രങ്ങളും കുറിപ്പും ഖുശ്ബു സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.
'92ാം വയസില്‍ ഒരു വലിയ മോദി ആരാധികയായ എന്റെ ഭര്‍തൃമാതാവിന് ഇത്രയധികം സന്തോഷം നല്‍കിയതിന് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജിക്ക് നന്ദി പറയാന്‍ വാക്കുകളില്ല. ഒരുതവണയെങ്കിലും മോദിജിയെ നേരില്‍ കാണുകയെന്നത് അവരുടെ സ്വപനമായിരുന്നു. അവര്‍ക്ക് അത് ആവേശത്തിന്റെ നിമിഷമായിരുന്നെന്നും ഖുശ്ബു കുറിച്ചു.
ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് നമ്മുടെ പ്രധാനമന്ത്രി. വളരെ ഊഷ്മളതയോടെയും ബഹുമാനത്തോടെയുമാണ് അവരെ സ്വാഗതം ചെയ്തത്. സ്നേഹവും വാത്സല്യവും നിറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരുമകന്‍ അമ്മയോട് സംസാരിക്കുന്നതുപോലെയായിരുന്നു. ആബാലവൃദ്ധം ജനങ്ങള്‍ അദ്ദേഹത്തെ ആരാധിക്കുന്നതില്‍ അതിശയിക്കാനില്ലെന്നും ഖുശ്ബു കുറിച്ചു.
ഞങ്ങളോടൊപ്പം ചെലവഴിച്ച ആ നിമിഷങ്ങള്‍ അമൂല്യമാണ്. താങ്കളുടെ സാന്നിധ്യത്തില്‍ അമ്മയുടെ കണ്ണുകളില്‍ ഒരു കുട്ടിയുടെ തിളക്കം കണ്ടു. ഈ പ്രായത്തിലും അവരെ സന്തോഷിപ്പിക്കുകയെന്നതാണ് എനിക്ക് ഏറെ പ്രധാനം. പ്രധാനമന്ത്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ഖുശ്ബു കുറിച്ചു.