വിവാഹമോചനത്തെക്കുറിച്ചു പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് ഗായകനും ജോനാസ് ബ്രദേഴ്സിലെ രണ്ടാമനുമായ ജോ ജൊനാസും ഭാര്യയും നടിയുമായ സോഫി ടേണറും. 4 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിച്ചാണ് ഇരുവരും വേര്‍പിരിയുകയാണെന്ന് വാര്‍ത്ത സ്ഥിരീകരിച്ചത്. സോഫിയും ജോയും തമ്മില്‍ വേര്‍പിരിയുന്നതിനായി ഫ്‌ളോറിഡയിലെ മിയാമി-ഡേഡ് കൗണ്ടി കോടതിയെ സമീപിച്ചു.
2019 മേയ് 1 നാണ് മൂന്ന് വര്‍ഷം നീണ്ട ഡേറ്റിങ്ങിനൊടുവില്‍ സോഫി ടേണറും ജോ ജൊനാസും വിവാഹിതരായത്. ലാസ് വേഗസില്‍ വച്ച് രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. 2020 ജൂലൈയില്‍ ഇവര്‍ ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകള്‍ക്കു പേരിട്ടിരിക്കുന്നത്. 2022ല്‍ സോഫിയും ജോയും രണ്ടാമത്തെ മകള്‍ക്കു ജന്മം നല്‍കി.
എന്നാല്‍ കുഞ്ഞിന്റെ പേരുവിവരങ്ങളോ മുഖമോ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ജോയും സോഫിയും വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചെങ്കിലും കുട്ടികളുടെ കാര്യത്തില്‍ ഇരുവരും തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.
ജോയും സോഫിയും വേര്‍പിരിയുകയാണെന്ന വിവരം ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. പൊതു ഇടങ്ങളിലും ജൊനാസ് ബ്രദേഴ്‌സിന്റെ സംഗീതപരിപാടികളിലുമെല്ലാം ജോയ്‌ക്കൊപ്പം എപ്പോഴും സോഫിയും ഉണ്ടായിരുന്നു. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുള്ളതായി യാതൊരു സൂചനയും പുറത്തുവന്നിരുന്നില്ല. ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് സോഫിയും ജോയും തങ്ങളുടെ ആഡംബര വസതിയായ മാന്‍ഷന്‍ വിറ്റത്.