അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി'ന് ശേഷം കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രമായ 'ഹാപ്പി സര്‍ദാര്‍'ന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. ഹാപ്പി സര്‍ദാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സര്‍ദാറിന്റെ വേഷത്തിലാണ് കാളിദാസ് എത്തുന്നത്. കോമഡി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കിയിരിക്കുന്ന സൂചന.ചിത്രത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ആണ് പങ്കുവച്ചത്.
പൂമരം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ മെറിന്‍ മേരി ഫിലിപ്പാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികയായി എത്തുന്നത്. പഞ്ചാബിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ഗീതിക-സുധീപ് ദമ്പതികളാണ്.
ക്‌നാനായ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. സിദ്ദിഖ്, ജാവേദ് ജഫ്റി (പിക്കറ്റ് 43 ഫെയിം) ഷറഫുദ്ദീന്‍, ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി, സിനില്‍ സൈനുദ്ദീന്‍, ദിനേശ് മോഹന്‍, സെബൂട്ടി, ബൈജു സന്തോഷ്, സിബി ജോസ്, മാലാ പാര്‍വതി, അഖില ചിപ്പി, സിതാര, രശ്മി അനില്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. അച്ചിച്ചാ ഫിലിംസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, ജോഷ്വിന്‍ ജോയ്, ശ്വേത കാര്‍ത്തിക് എന്നിവരാണ് നിര്‍മാണം.