Latest News

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന അമരന്‍'. ; ഇന്ദു റബേക്കയായി സായ് പല്ലവി; മമ്മൂട്ടി ആരാധകരെ ആവേശം കൊള്ളിച്ച് ട്രെയ്‌ലര്‍

Malayalilife
 മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന അമരന്‍'. ; ഇന്ദു റബേക്കയായി സായ് പല്ലവി; മമ്മൂട്ടി ആരാധകരെ ആവേശം കൊള്ളിച്ച് ട്രെയ്‌ലര്‍

സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശിവകാര്‍ത്തികേയന്‍- സായ് പല്ലവി ചിത്രം 'അമര' ന്റെ ട്രെയിലര്‍ എത്തി. സരിഗമ തമിഴിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ശിവകാര്‍ത്തികേയന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ വേഷങ്ങളിലൊന്നാണിത്. മുകുന്ദ് വരദരാജനായി ശിവകാര്‍ത്തികേയന്‍ എത്തുമ്പോള്‍ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് ആയി എത്തുന്നത് സായ് പല്ലവിയാണ്.

കശ്മീരില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് 'അമരന്‍' എന്ന ചിത്രമൊരുങ്ങുന്നത്. മേജറും മകളും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോയിലൂടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. 

പിന്നാലെ ശിവകാര്‍ത്തികേയനെ കാണിക്കുന്നു. പിന്നീട് ആക്ഷന്‍ രംഗങ്ങളിലൂടെയും വൈകാരിക നിമിഷങ്ങളിലൂടെയും ട്രെയിലര്‍ കടന്നുപോകുന്നുണ്ട്. മലയാളം സംസാരിക്കുന്ന സായ് പല്ലവിയുടെ രംഗങ്ങള്‍ക്കും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിച്ചിട്ടുണ്ട്.

രണ്ട് മിനിറ്റ് 21 സെക്കന്റുകളുള്ള ട്രെയിലറിലെ മമ്മൂട്ടി റഫറന്‍സാണ് ആരാധകര്‍ ആഘോഷിക്കുന്നത്. ട്രെയിലറിലെ ഒരു രംഗത്തില്‍ സായ് പല്ലവി അവതരിപ്പിക്കുന്ന റെബേക്ക എന്ന കഥാപാത്രത്തെ ശിവകാര്‍ത്തികേയന്‍ 'ഒയ് മമ്മൂട്ടി' എന്ന് വിളിക്കുന്നുണ്ട്. സായി പല്ലവി തന്റെ പേര് 'ഇന്ദു റെബേക്ക വര്‍ഗീസ്' എന്നാണ് എന്ന് പറയുമ്പോള്‍ 'എനിക്ക് മമ്മൂട്ടിയെ ഇഷ്ടമാണ്' എന്നാണ് നടന്റെ കഥാപാത്രത്തിന്റെ മറുപടി.

ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനില്‍ തീവ്രവാദികള്‍ക്കെതിരായ ഓപ്പറേഷനില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന് മരണാനന്തര ബഹുമതിയായി അശോക ചക്ര ലഭിച്ചു. തമിഴ്നാട്ടില്‍ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ് മേജര്‍.

2014ല്‍ തെക്കന്‍ കശ്മീരിലെ ഒരു ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നല്‍കിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ ഓഫീസറുടെ കൈകളില്‍ കിടന്ന് അദ്ദേഹം മരണത്തിനു കീഴടങ്ങി. മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ് മലയാളിയാണ്.

 

Amaran Trailer Sivakarthikeyan Sai Pallavi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES