തന്റെ പുതിയ ചിത്രമായ അല വൈകുണ്ഠപുരമുലു എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ അച്ഛനെക്കുറിച്ചുള്ള വാക്കുകളില്‍ വികാരഭരിതനാകുന്ന അല്ലു അര്‍ജുന്റെ വീഡിയോ വൈറലാകന്നു.പിതാവ് അല്ലു അരവിന്ദിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അല്ലു അര്‍ജുന്റെ കണ്ണുകള്‍ ഈറനണിഞ്ഞത്. തെലുങ്കിലെ പ്രശ്സത നിര്‍മാതാവാണ് അല്ലു അരവിന്ദ്. ഈ ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ അദ്ദേഹമാണ്.
''ജീവിതത്തില്‍ ഒരിക്കല്‍ പോലും അച്ഛനോട് നന്ദി പറയാന്‍ അവസരം കിട്ടിയിട്ടില്ല, എന്നാല്‍ ഈ വേദി അതിനായി ഉപയോഗിക്കുന്നു. ഞാന്‍ ഒരച്ഛനായതിന് ശേഷമാണ് അദ്ദേഹത്തിന്റെ വില മനസ്സിലാക്കുന്നത്. ഒരുപാട് ആളുകള്‍ പറഞ്ഞിട്ടുണ്ട് എന്റെ പിതാവ് മറ്റുള്ളവരെ പറ്റിച്ചാണ് ഇത്രയും പണമുണ്ടാക്കിയതും ഇന്ന് ഈ നിലയില്‍ എത്തിയതും എന്ന്. അത് തികച്ചും വാസ്തവ വിരുദ്ധമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹം ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്. ഇന്ത്യയിലെ മുന്‍നിര നിര്‍മാതാക്കളില്‍ ഒരാളാണ്, സര്‍ക്കാര്‍ അദ്ദേഹത്തെ പത്മ പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹം അതിനര്‍ഹനാണ്.'''
''ഞാനും അച്ഛനും സ്‌നേഹത്തെക്കുറിച്ചൊന്നും പരസ്പരം അധികം സംസാരിക്കാറില്ല. പരസ്പരം അഗാധമായി സ്‌നേഹിക്കുന്നുവെങ്കിലും അത് പൊതുവേദിയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഇന്ന് ഞാന്‍ പറയുന്നു, ഈ ലോകത്ത് മറ്റെന്തിനേക്കാളും ഞാന്‍ അച്ഛനെ ഏറെ സ്‌നേഹിക്കുന്നു. എനിക്കൊരിക്കലും അദ്ദേഹത്തെ പോലെ ഒരു നല്ല പിതാവാകാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ അടുത്തു പോലും എത്തി നില്‍ക്കാന്‍ കഴിയില്ല'' എന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.