തമിഴിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് അജിത് കുമാര്‍. ആരാധകര്‍ 'തല' എന്ന് സ്നേഹത്തോടെ വിളിക്കുന്ന താരത്തിന് കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട്. സോഷ്യല്‍മീഡിയയിലൊന്നും നടന്‍ സജീവമല്ല. ആരാധകരുടെ കൂട്ടായ്മകളുമില്ല. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നടന്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാറില്ലെന്നാണ് പുതിയ വാര്‍ത്ത.
അജിത്തിന്റെ നമ്പര്‍ ഏതു പേരില്‍ സേവ് ചെയ്യുമെന്ന് ഒരു അഭിമുഖത്തില്‍ തൃഷയോട് ചോദിച്ചപ്പോള്‍ അദ്ദേഹം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നായിരുന്നു നടിയുടെ മറുപടി. പിന്നെ എങ്ങനെയാണ് ആളുകളുമായി ആശയവിനിമയം നടത്തുന്നതെന്ന ചോദ്യത്തിന് നടന്റെ സഹായി എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാകാറുണ്ടെന്നും അതുകൊണ്ട് മൊബൈല്‍ ഫോണ്‍ ആവശ്യമില്ലെന്നുമാണ് മുമ്പൊരിക്കല്‍ ഒരാള്‍ വെളിപ്പെടുത്തിയത്.
ഇതോടെ നടന്‍ ഓരോ സിനിമകളില്‍ അഭിനയിക്കുമ്പോഴും പ്രത്യേകം സിം കാര്‍ഡാണ് താരം ഉപയോഗിക്കുന്നതെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ആ സിനിമ റിലീസ് ചെയ്തു കഴിഞ്ഞാല്‍ സിം കാര്‍ഡ് മാറ്റുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.കാരണം അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അല്ലാതെ മറ്റുള്ളവരില്‍ നിന്നുള്ള അനാവശ്യ ഫോണ്‍ കോളുകള്‍ ശല്യപ്പെടുത്തുന്നതിനോട് അദ്ദേഹത്തിന് താല്പര്യമില്ല.
അദ്ദേഹം നടത്താന്‍ ആഗ്രഹിക്കുന്ന എല്ലാ അപ്ഡേറ്റുകളും പ്രസ്താവനകളും സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹത്തിന്റെ വക്താവ് സുരേഷ് ചന്ദ്ര വഴിയാണ് പുറത്തുവരുന്നത്. മറ്റ് തമിഴ് താരങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തനാണ് അജിത്. 2011-ല്‍ തന്റെ ഫാന്‍സ് ക്ലബ്ബുകള്‍ പിരിച്ചുവിടാന്‍ അജിത്ത് തീരുമാനിച്ചു. ചിലര്‍ അവരെ ദുരുപയോഗം ചെയ്യുന്നു എന്ന തോന്നലിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. എന്നാല്‍ ആരാധകര്‍ സ്വയം സൃഷ്ടിച്ചതും വളരെ സജീവവുമായ ഫാന്‍സ് ക്ലബ്ബുകളുണ്ട്. സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹം എല്ലാ ആരാധകരെയും പ്രോത്സാഹിപ്പിക്കുന്നു.