Latest News

ഒരായുഷ്‌ക്കാലത്തിന്റെ നല്ല ഓര്‍മ്മകളുമായി എത്തുന്ന അപ്രതീക്ഷിത സൗഹൃദം; 'അഡിയോസ് അമിഗോ' വെള്ളിയാഴ്ച്ച തിയറ്ററുകളില്‍; നജീം അര്‍ഷാദ് ആലപിച്ച ഗാനം പുറത്ത്

Malayalilife
 ഒരായുഷ്‌ക്കാലത്തിന്റെ നല്ല ഓര്‍മ്മകളുമായി എത്തുന്ന അപ്രതീക്ഷിത സൗഹൃദം; 'അഡിയോസ് അമിഗോ' വെള്ളിയാഴ്ച്ച തിയറ്ററുകളില്‍; നജീം അര്‍ഷാദ് ആലപിച്ച ഗാനം പുറത്ത്

ചിലപ്പോഴൊക്കെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ചിലരുണ്ട്.. ഒരായുഷ്‌ക്കാലത്തിന്റെ നല്ല ഓര്‍മ്മകളുമായി എത്തുന്ന ആ  കടന്നുവരലുകള്‍ നമ്മള്‍ ആഘോഷമാക്കാറുമുണ്ട്.. 'അഡിയോസ് അമിഗോ' അങ്ങനെ ഒരു ആഘോഷ ചിത്രമാണ്. പരസ്പരം ചേര്‍ത്ത് പിടിക്കുന്ന, ജീവിതം ആഘോഷമാക്കുന്ന ഒരു അപ്രതീക്ഷിത സൗഹൃദത്തിന്റെ നിറക്കാഴ്ച.. പണത്തിനും പാരിതോഷികത്തിനും മുകളില്‍ നമ്മള്‍ കൈകോര്‍ത്തു പിടിക്കുന്ന, അതിരുകളില്ലാത്ത, സമാനതകള്‍ ഇല്ലാത്ത സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കാണാക്കാഴ്ചകള്‍.. ഒരൊറ്റ വരികളില്‍ പറഞ്ഞാല്‍ 'അഡിയോസ് അമിഗോ' ഇതൊക്കെയാണ്..

ജീവിതത്തിന്റെ രണ്ട് ധ്രുവങ്ങളിലുള്ള മനുഷ്യര്‍, വളരെ യാദൃശ്ചികമായി കണ്ടുമുട്ടുകയും ഒരുമിച്ചു ഒരു യാത്ര പോവുകയും ചെയ്യുന്നതിനിടയില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി, ചിരി നിറച്ചാണ് 'അഡിയോസ് അമിഗോ' എത്തുന്നത്. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ആ ജീവിതത്തിന്റെ രണ്ടറ്റത്തുള്ള മനുഷ്യരുടെ പ്രതിനിധികളാണ്. രണ്ടു ലോകത്തില്‍ ജീവിച്ച മനുഷ്യര്‍, പ്രതീക്ഷിക്കാത്ത സമയത്തില്‍, പ്രതീക്ഷിക്കാത്ത സ്ഥലത്തു കണ്ടുമുട്ടുകയും പ്രതീക്ഷിക്കാത്ത ഒരിടത്തേക്ക് ഒരുമിച്ച് ജീവിതത്തിന്റെ കുറച്ചു സമയത്തെ കൊണ്ട് പോവുകയും ചെയ്യുന്നു.. രണ്ടര മണിക്കൂറിനുള്ളില്‍ തീരുന്ന ആ സൗഹൃദ യാത്ര പ്രേക്ഷകരെയും വല്ലാതെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.. കാരണം, നമുക്കറിയാത്ത നമ്മളിലേക്ക് വന്നു ചേരുന്ന എത്രയെത്ര മനുഷ്യര്‍ നമുക്കും ഉണ്ടായിട്ടുണ്ട്.. ആ ഓര്‍മ്മകളിലേക്ക് കൂടിയുള്ള ഒരു യാത്രയാവും 'അഡിയോസ് അമിഗോ'. 

മലയാളം കണ്ട പ്രതിഭാധനരായ രണ്ട് അഭിനേതാക്കള്‍.. സ്വാഭാവികമായ, വളരെ റിയലിസ്റ്റിക്കായ അഭിനയപാടവം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തിയവരാണ് സുരാജും ആസിഫും.. അത് കൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്ന 'അഡിയോസ് അമിഗോ' വളരെയേറെ പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തുന്ന സിനിമയാണ്. രൂപത്തിലും ഭാവത്തിലും പ്രകടനത്തിലും വ്യത്യസ്തത നിലനിര്‍ത്തിയാണ് ആസിഫ് എത്തുന്നത്.. സുരാജ് പതിവ് പോലെ അഭിനയപ്രകടനത്തില്‍ അതിശയിപ്പിക്കുമെന്ന് ട്രെയിലറുകളും പാട്ടുകളും സൂചിപ്പിച്ചു കഴിഞ്ഞു.. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസര്‍ ആണ്. നാളുകള്‍ക്കൊടുവില്‍ 'അഡിയോസ് അമിഗോ'ക്ക് വേണ്ടിയുള്ള സിനിമാപ്രേമികളുടെ അത്യന്തം ആകാംഷയോടെയുള്ള കാത്തിരിപ്പിന് ഈ വെള്ളിയാഴ്ച ശുഭപര്യവസാനം ആവുകയാണ്. രണ്ടു നാളുകള്‍ക്കപ്പുറം ഓഗസ്റ്റ് 9.. 'അഡിയോസ് അമിഗോ' തിയറ്ററുകളില്‍ ആ ആഘോഷയാത്ര തുടങ്ങുകയാണ്..!

ഇനിയും കാണാന്‍ വരാം' ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി 

റിലീസിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ ചിത്രത്തിലെ 'ഇനിയും കാണാന്‍ വരാം' എന്ന ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചിച്ച് ജേക്‌സ് ബിജോയ് സംഗീതം നല്‍കിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയത്. 

നജിം അര്‍ഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആഗസ്റ്റ് 9 ന് ആണ് 'അഡിയോസ് അമിഗോ' തിയറ്ററുകളിലെത്തുന്നത്. നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രം അപ്രതീക്ഷിതമായി വന്നു ചേരുന്ന സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം ആണ് 'അഡിയോസ് അമിഗോ'. 

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമായ 'അഡിയോസ് അമിഗോ'സിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദര്‍ ,ജെക്ക്‌സ് ബിജോയും ചേര്‍ന്നാണ്. ക്യാമറ ജിംഷി ഖാലിദും. എഡിറ്റിംഗ് നിഷാദ് യൂസഫ്, ആര്‍ട്ട് ആഷിഖ് എസ്, ഗാനരചന വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, മേക്കപ്പ് റോണേക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു, അസോസിയേറ്റ് ഡയറക്ടര്‍ ഓസ്റ്റിന്‍ ഡാന്‍, രഞ്ജിത്ത് രവി, സ്റ്റില്‍ ഫോട്ടോഗ്രാഫി രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫര്‍ പി രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനര്‍ മഷര്‍ ഹംസ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, വി എഫ് എക്‌സ് ഡിജിബ്രിക്‌സ്, പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ്മങ്ക്‌സ്, വിതരണം സെന്‍ട്രല്‍ പിക്ചര്‍സ് റിലീസ്, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.

Adios Amigo release and song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES