മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സുഹാസിനി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 1983-ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ താരത്തിന് അഭിനയിക്കാനും സാധിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ 41 വർഷങ്ങൾക്ക് മുൻപ് തന്റെ ആദ്യ തമിഴ് ചിത്രമായ ‘നെഞ്ചത്തെ കിള്ളാതെ’യുടെ ഷൂട്ടിംഗിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ ഓർമചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം.
“41 വർഷങ്ങൾക്കു മുൻപ്. എനിക്ക് അദ്ദേഹത്തിന്റെ വിജി ആവാൻ കഴിയുമെന്ന് സംവിധായകൻ മഹേന്ദ്രൻ വിശ്വസിച്ചു. എന്റെ 41 വർഷത്തെ കരിയർ അദ്ദേഹത്തിനു കടപ്പെട്ടിരിക്കുന്നു. എന്റെ ഗുരു അശോക് കുമാറിനും അച്ഛൻ ചാരുഹാസനും നന്ദി, ‘നെഞ്ചത്തെ കിള്ളാതെ’യിൽ നായികയാവാൻ എന്നെ കൺവീൻസ് ചെയ്തതിന്. ഡിസംബർ 12 എനിക്ക് ഏറെ പ്രിയപ്പെട്ട ദിനമാണ്,” സുഹാസിനി കുറിക്കുന്നു.
സുഹാസിനി ആദ്യമായി അഭിനയരംഗത്ത് നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിലൂടെയാണ് എത്തുന്നത്. ഛായാഗ്രാഹകൻ അശോക് കുമാറിന്റെ സഹായിയായി ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ക്യാമറ വിദ്യാര്‍ഥിനിയായിരുന്നു സുഹാസിനി ഹാസന്‍, പഠനത്തിനു ശേഷം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. ജെ മഹേന്ദ്രന്റെ ‘ഉതിരിപൂക്കൾ’, ഐവി ശശിയുടെ ‘കാളി’, ജെ മഹേന്ദ്രന്റെ ജോണി തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഛായാഗ്രാഹകൻ അശോക് കുമാറിന്റെ സഹായിയായി സുഹാസിനി പ്രവർത്തിച്ചു. അതിനിടയിലാണ് സംവിധായകൻ ജെ.മഹേന്ദ്രൻ ‘നെഞ്ചത്തെ കിള്ളാതെ’ എന്ന തന്റെ ചിത്രത്തിലേക്ക് സുഹാസിനിയെ കാസ്റ്റ് ചെയ്തത്.