മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് സുഹാസിനി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ഡെന്നീസ് ജോസഫ് കുറിച്ച് സുഹാസിനി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. തന്റെ ഇരുപതുകളിലെ കൂട്ടുകാർ പ്രിയദർശനും ഡെന്നീസ് ജോസഫും ദിനേശ് ബാബുവുമായിരുന്നു ഓർത്തെടുക്കുകയാണ് സുഹാസിനി.പബ്ബുകളിലോ ഡിസ്കോ ബാറിലോ പോയിരുന്നില്ല. എന്നാൽ ലൊക്കേഷനിലെ ഇടവേളകളിൽ സിനിമയെക്കുറിച്ച് ചർച്ച ചെയ്യുമായിരുന്നു സുഹാസിനി വെളിപ്പെടുത്തി.
സുഹാസിനിയുടെ കുറിപ്പ്,
'പ്രിയൻ, ഡെന്നിസ് ജോസഫ്, ദിനേശ് ബാബു എന്നിവരായിരുന്നു എന്റെ ഇരുപതുകളിലെ കൂട്ടുകാർ. ഞങ്ങൾ പബ്ബുകളിലോ പോവുകയോ ഡിസ്കോ ബാറുകളിലോ പോയിരുന്നില്ല, പക്ഷേ പതിവായി എന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കണ്ടുമുട്ടും. ഷൂട്ടിംഗിന്റെ ഇടവേളകളിൽ സിനിമയെ കുറിച്ച് ചർച്ച ചെയ്യും. പ്രിയൻ അക്കാലത്ത് മലയാളത്തിൽ ചെറിയ ബഡ്ജറ്റിലുള്ള കോമഡി സിനിമകൾ ചെയ്യുകയാണ്, ഡെന്നീസ് അന്ന് കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ തിരക്കഥാകൃത്തായിരുന്നു, ദിനേഷ് ആവട്ടെ തമിഴ് സിനിമയിലെ പ്രശസ്തനായ സിനിമോട്ടോഗ്രാഫർ. ഒരു നടിയെന്ന രീതിയിൽ ലഭിക്കുന്ന ഓരോ വീട്ടമ്മ വേഷങ്ങളിലും ഫെമിനിസം കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു ഞാനന്ന്.
എന്നും ഒരു പുതിയ കഥയോടെ ഞങ്ങളുടെ സംഭാഷണങ്ങൾ തുടങ്ങും, പിന്നീടത് തമിഴും മലയാളവും ഇംഗ്ലീഷുമൊക്കെയടങ്ങുന്ന ലോക സിനിമയെ പറ്റിയുള്ള ഗഹനമായ ചർച്ചകളായി മാറും, അതിനിടയിൽ ഒരുപാട് ചായകളും സിഗരറ്റുകളും തീരും (അവർ മൂന്നുപേരും അതിഭീകര ചെയിൻ സ്മോക്കേഴ്സ് ആയിരുന്നു). ആ ചർച്ചകൾ അവസാനിക്കുന്നത് വഴക്കിലാവും. ദുർവാശിക്കാരായ ഈ മൂന്ന് മലയാളി പുരുഷന്മാരുമായി ഇനി സംസാരിക്കില്ലെന്ന് ഞാനെന്ന തമിഴത്തി എല്ലായ്പ്പോഴും ശപഥം ചെയ്യും. എല്ലാ വാദങ്ങളിലും ഞാൻ പരാജയപ്പെടും, പ്രത്യേകിച്ചും പ്രിയനോട്.