മലയാള സിനിമ മേഖലയിലേക്ക് ഒരു ഇടവേളയ്ക്ക് ശേഷം പല നായികമാരും തിരികെ എത്തിയിരിക്കുകയാണ്. അത്തരത്തിൽ വീണ്ടും മിനിസ്‌ക്രീനിലൂടെ ഒരു മടങ്ങി വരവ് നടത്തിത്തിയിരിക്കുകയാണ് നടി മിത്ര കുര്യൻ. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം തിരികെ മിനിസ്‌ക്രീനിലൂടെ എത്തുന്നത്. അമ്മമകള്‍ എന്ന പരമ്ബരയിലൂടെയാണ് തിരിച്ച് വരവ്. എന്നാൽ ഇപ്പോള്‍ തന്റെ സീരിയലിലേക്കുള്ള വരവിനെ കുറിച്ച് സംസാരിക്കുകയാണ് മിത്ര. ഇടൈംസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
'അതൊരു കഠിനമായ തീരുമാനമായിരുന്നു, അതിലേക്ക് എത്താന്‍ ഞാന്‍ ഏറെ സമയമെടുത്തു. സിനിമ എന്നതിനുള്ളില്‍ നിന്ന് ടിവിയിലേക്ക് വരുന്നത് അത്ര എളുപ്പമെടുക്കാവുന്ന തീരുമാനമായിരുന്നില്ല. അക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും എനിക്ക് അഭിനയിക്കണം എന്നത് തീര്‍ച്ചയായിരുന്നു. ബിഗ് സ്‌ക്രീനിലൂടെ ആയാലും മിനി സ്‌ക്രീനിലൂടെ ആയാലും എനിക്ക് അഭിനയലോകത്തേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ആവേശമായിരിക്കാം എന്നെ ഇന്ന് ഇവിടെ എത്തിച്ചത്.'
'കോവിഡ് സമയത്താണ് ഞാന്‍ അമ്മ മകളുടെ കഥ കേള്‍ക്കുന്നത്. അമ്മയും മകളും തമ്മിലുള്ള അതുല്ല്യമായ ആ പ്രമേയം എനിക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ എനിക്ക് വേണ്ട സമയമെടുത്തു, അതിന്റെ ഗുണദോഷങ്ങള്‍ ആലോചിച്ച ശേഷം, ഒരു ശ്രമം നടത്തിക്കളയാം എന്ന് തീരുമാനിച്ചു. എന്തായാലും ഇപ്പോള്‍ ഞാന്‍ ഈ ജോലി ആസ്വദിക്കുന്നുണ്ട്,' മിത്ര പറഞ്ഞു.
'സീരിയലുകള്‍ എനിക്ക് ശരിയാകുമോ എന്ന ടെന്‍ഷനും എനിക്ക് ഉണ്ടായിരുന്നു. ക്യമറയ്ക്ക് മുന്നില്‍ എങ്ങനെ അഭിനയിക്കണം എന്നൊക്കെ അറിയാം, പക്ഷേ ഇത് തീര്‍ത്തും വ്യത്യസ്‌തമായ ലോകമാണ്. ഞാന്‍ മെലോഡ്രാമാറ്റിക് ആയി മാറുമോ എന്ന ആശങ്കയൊക്കെ എനിക്കുണ്ടായിരുന്നു. സിദ്ധിഖ് സാറിനാണ് (സംവിധായകന്‍ സിദ്ധിഖ്) ഞാന്‍ നന്ദി പറയുന്നത്. ഏറ്റവും നല്ല സ്വാഭാവിക അഭിനയമാണ് ഞാന്‍ പഠിച്ചത്.' മിത്ര കൂട്ടിച്ചേര്‍ത്തു.
സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസങ്ങളും മിത്ര ചൂണ്ടിക്കാട്ടി. സിനിമയില്‍ ഒരു ദിവസം രണ്ടോ മൂന്നോ സീനുകളാണ് തീര്‍ക്കുന്നതെങ്കില്‍ സീരിയലില്‍ 45 മിനിറ്റ് കൊണ്ട് ഒരു എപ്പിസോഡ് പൂര്‍ത്തിയാകുമെന്ന് മിത്ര പറഞ്ഞു. മറ്റൊരു വ്യത്യാസം ഡയലോഗ് പ്രോംപ്റ്റിംഗാണ്. ഇത് നമ്മളെ മടിയനാക്കുകയും നമ്മുടെ കഴിവുകളെ ബാധിക്കുകയും ചെയ്യുമെന്ന് കരുതുന്നു.സിനിമകളില്‍ സ്ക്രിപ്റ്റ് വായിച്ച് പഠിച്ച് ചെയ്യുന്നത് കൊണ്ട് തന്നെ സ്വാഭാവിക അഭിനയം നടക്കുമെന്നും മിത്ര പറഞ്ഞു. ഭാവിയില്‍ സിനിമകള്‍ വരുമ്ബോള്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന പ്രതീക്ഷയും താരം പങ്കുവച്ചു. ഒപ്പം നല്ല സീരിയലുകള്‍ വന്നാല്‍ അത് ചെയ്യുമെന്നും വ്യക്തമാക്കി.
അതേസമയം, സീരിയലുകള്‍ അവിഹിതത്തെ മഹത്വല്‍ക്കരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കഥകള്‍ ഒക്കെ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ നിന്ന് തന്നെയാണെന്നും അതുകൊണ്ട് സമൂഹത്തില്‍ കാണുന്ന കാര്യങ്ങളൊക്കെ സിനിമയിലും സീരിയലിലും കാണുമെന്നുമായിരുന്നു മിത്രയുടെ മറുപടി. സീരിയലുകളെ വിമര്ശിക്കുന്നവര്‍ അത് കാണുന്നവര്‍ അല്ലെന്നും അതിന്റെ പ്രേക്ഷകര്‍ അത് ആസ്വദിക്കുന്നുണ്ടെന്നും മിത്ര പറഞ്ഞു. സീരിയലിന് ഒരിക്കലും സിനിമ പോലെയാകാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വരുംകാലങ്ങളില്‍ സീരിയലുകളില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമാകുമെന്നും മിത്ര പറഞ്ഞു. യുവാക്കള്‍ ഉള്‍പ്പെടെ ഇപ്പോള്‍ സീരിയലുകള്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്. വെബ്‌സീരീസും മറ്റുമായി പലവിധ ഉള്ളടക്കങ്ങള്‍ കാണുന്ന യുവാക്കള്‍ ടെലിവിഷനിലേക്ക് എത്തുമ്ബോള്‍ എല്ലാം മാറുമെന്ന് മിത്ര പറഞ്ഞു.