കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തയാണ് അഹാന കൃഷ്ണയുടെയും നിമിഷ് രവിയുടെയും വിവാഹം. ഇരുവരും ചിങ്ങമാസത്തില്‍ വിവാഹിതരാവാന്‍ പോകുന്നു എന്ന് വാര്‍ത്തകള്‍ പുറത്ത വരുമ്പോഴും താരകുടുംബം ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
സെപ്റ്റംബര്‍ 12ന് വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും സെപ്റ്റംബര്‍ 13ന് കോവളത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ വിവാഹ ചടങ്ങും നടക്കുമെന്നാണ് വാര്‍ത്ത വന്നത്.ഇന്ന് സിനിമാ സുഹൃത്തുക്കള്‍ക്കായി വിപുലമായ വിവാഹസല്‍ക്കാരവും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
വിവാഹസല്‍ക്കാരത്തിന്റേതെന്ന് പറയപ്പെടുന്ന ക്ഷണക്കത്തും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ അഹാനയുടെ ബന്ധുവായ ഒരാള്‍ ആശംസകള്‍ നേര്‍ന്ന് ആലിംഗനം ചെയ്യുന്നതിനിടെ അഹാന നന്ദി പറയുന്ന വിഡിയോയും ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ ഇത്രയേറെ ചര്‍ച്ചകള്‍ക്കിടയിലും അഹാനയുടെ ഭാഗത്തുനിന്ന് വിവാഹത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. സാധാരണയായി കുടുംബത്തിലെ പ്രധാന വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന കൃഷ്ണകുമാറിന്റെ കുടുംബവും ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. ഇതിനിടെ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത് എത്തിയത് വിവാഹത്തില്‍ പങ്കെടുക്കാനാണെന്ന് വ്യക്തമാക്കിയതോടെ ചര്‍ച്ചകള്‍ കുടുതല്‍ സജീവമായി.
കുടുംബത്തിലെ വിശേഷങ്ങളും വ്യക്തിപരമായ അപ്‌ഡേറ്റുകളുമെല്ലാം പതിവായി ഇന്‍സ്റ്റയിലൂടെ പങ്കുവയ്ക്കാറുള്ള താര കുടുംബം കഴിഞ്ഞ ദിവസങ്ങളിലായി സജീവമല്ല.വിവാഹ ഒരുക്കങ്ങളുടെ തിരക്കിലായതിനാലാണോ കുടുംബത്തിന്റെ സമൂഹമാധ്യമ മൗനമെന്ന ചര്‍ച്ചയും ഇതിനിടെ ഉയരുന്നുണ്ട്.
അതേസമയം, പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ക്കും സമൂഹമാധ്യമ പ്രചാരണങ്ങള്‍ക്കും അപ്പുറം അഹാനയുടെയോ കുടുംബത്തിന്റെയോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ന് വിവാഹം നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അഹാനയുടെ മൗനം തുടരുന്നതാണ് ഇപ്പോള്‍ ആരാധകരുടെയും സമൂഹമാധ്യമങ്ങളുടെയും പ്രധാന ചര്‍ച്ച.