മലയാളികളുടെ മനസ്സിൽ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിർത്തുന്ന നടിയാണ് മഞ്ജുവാര്യർ. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പർ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. അത് മഞ്ജു ആരാധകരെ സംബന്ധിച്ച് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. റോഷൻ ആഡ്രൂസ് ചിത്രം ഹൗ ഓൾഡ് ആർ യൂവിലൂടെ തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയപ്പോൾ പ്രേക്ഷകർ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം സ്വന്തമാക്കിയ മിടുക്കി പെൺകുട്ടി ഇന്ന് കേരളക്കരയുടെ ആരാധനാപാത്രവുമാണ്.ഇപ്പോൾ തന്റെ പ്രിയ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സ്വപ്ന സാക്ഷാത്കാരത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മഞ്ജു വാര്യർ.
തനതായ നൃത്ത ശൈലി മൂലം ഇന്ത്യയിലെ മൈക്കിൾ ജാക്സൺ എന്നറിയപ്പെടുന്ന പ്രഭുദേവയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് തന്റെ പ്രിയപ്പെട്ട താരത്തെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞത്. ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത് ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ്. യുഎഇയിൽ ചിത്രീകരണം പുരോഗമിക്കുന്ന ആയിഷ എന്ന ചിത്രത്തിന് വേണ്ടി മഞ്ജുവിനെ നൃത്തം പഠിപ്പിക്കാൻ എത്തിയിരിക്കുകയാണ് പ്രഭുദേവ. മഞ്ജു വാര്യർക്ക് പഴയൊരു ആരാധനയുടെ കഥ കൂടി പറയാനുണ്ട്. തനിക്കേറെ ആരാധന തോന്നിയിട്ടുള്ള താരമാണ് പ്രഭുദേവ എന്ന് ഒരഭിമുഖത്തിൽ മഞ്ജു തുറന്ന് പറഞ്ഞിരുന്നു. 'ലാലേട്ടന്റെയും മമ്മൂക്കയുടെയും ശോഭന ചേച്ചിയുടേയുമൊക്കെ ആരാധികയായിരുന്നു ഞാൻ. പക്ഷേ എന്റെ ഓർമ്മയിൽ ഞാനിങ്ങനെ പടങ്ങൾ വെട്ടി ഒട്ടിച്ചിരുന്നതും കത്തെഴുതാൻ ശ്രമിച്ചിരുന്നതുമൊക്കെ മറ്റൊരാൾക്കായിരുന്നു.
അത് ഇന്ത്യയുടെ മൈക്കിൾ ജാക്സൺ എന്നു വിളിക്കുന്ന പ്രഭുദേവയ്ക്ക് ആയിരുന്നു' എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇതിപ്പോൾ ആരുടെ സ്വപ്ന സാക്ഷാത്കാരമാണ് എന്ന് മനസിലാകുന്നില്ല എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷയുടെ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ് പ്രഭുദേവ എത്തിച്ചേർന്നത്. നീണ്ട ഇടവേളക്ക് ശേഷമാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന്റെ കൊറിയോഗ്രാഫി ചെയ്യുന്നത്.