മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടി ദിവ്യ ഗോപിനാഥ് വിവാഹിതയായി. സംവിധായകൻ ജുബിത് നമ്രാടത്ത് ആണ് വരൻ. ‘ആഭാസം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജുബിത്. ഈ ചിത്രത്തിൽ ദിവ്യയും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി സംവിധായകൻ തന്നെയാണ് പങ്കിട്ടത്. തിയറ്റർ ആർട്ടിസ്റ്റും അഭിനേത്രിയുമായ ദിവ്യ ഗോപിനാഥ് അയാൾ ശശി, ആഭാസം, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിടുകയും ചെയ്തിട്ടുണ്ട്.
“ടെമോക്രസി ട്രാവൽസ് എന്ന ബസ് യാത്രയിൽ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി. ഒരുമിച്ച് പ്രവർത്തിച്ചും, സ്നേഹിച്ചും, തർക്കിച്ചും, വഴക്കിട്ടും, കൂടിയും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു,” വിവാഹവാർത്ത പങ്കുവച്ചുകൊണ്ട് ദിവ്യ കുറിച്ചതിങ്ങനെ.
ആഭാസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദിവ്യ നടൻ അലൻസിയറിന് നേരെ മീ ടൂ ആരോപണം ഉയർത്തിയിരുന്നു. ശേഷം നടൻ മാപ്പു പറയുകയും ചെയ്തു. നിരവധി ആരാധകരാണ് ഇരുവർക്കും വിവാഹ ആശംസകളുമായെത്തുന്നത്.