തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് ശ്രീനിവാസന്‍. ചിരിക്കാനും അതിനോടൊപ്പം ചിന്തിക്കാനുള്ള ഒരുപിടി ചിത്രങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് നല്‍കിയത്. നാളുകള്‍ക്കു മുമ്പാണ് അസുഖങ്ങള്‍ മൂലം ശാരീരികമായി അവശതകള്‍ നേരിടുന്ന ശ്രീനിവാസന്റെ ചിത്രം പുറത്തു വന്നത്. ഏറെ നാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹം അല്‍പ കാലം മുമ്പാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. അതിനു ശേഷം വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ശ്രീനിവാസന്‍ അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ദൃശ്യങ്ങള്‍ ഏറെ വൈറലായിരുന്നു.
അസുഖത്തിന്റെ അവശതകള്‍ക്കിടയിലും ഭാര്യ വിമലയുടെ കൈപിടിച്ച് വേദിയിലേക്കെത്തിയ ശ്രീനിവാസന്‍ മോഹന്‍ലാലിനും സത്യന്‍ സന്തിക്കാടിനും ഒപ്പം വേദിയില്‍ ചിലവഴിച്ച സമയം വളരെയധികം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ, അദ്ദേഹം മാസങ്ങള്‍ക്കു ശേഷം പൊതുവേദിയിലെത്തി ആദ്യമായി മൈക്കെടുത്ത് സംസാരിച്ചപ്പോള്‍ തന്നെ കാണികളെ മുഴുവന്‍ ചിരിപ്പിക്കുകയും അതേസമയം സങ്കടത്തിലാഴ്ത്തുകയും ചെയ്തിരിക്കുകയാണ്.
വേദിയിലേക്ക് കയറി വന്ന ശ്രീനിവാസന്റെ കവിളില്‍ ചുംബിച്ചാണ് മോഹന്‍ലാല്‍ സ്വീകരിച്ചത്. ഒപ്പം സംവിധായകന്‍ സത്യന്‍ അന്തിക്കാടുമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് വേദി പങ്കിടുന്നത് കാണാന്‍ സാധിച്ച സന്തോഷത്തിലാണ് മലയാളികളും. അള്‍ട്ടിമേറ്റ് എന്റര്‍ടെയ്‌നര്‍ എന്ന അവാര്‍ഡാണ് ശ്രീനിവാസന് നല്‍കിയത്. ഇക്കാര്യം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിച്ചു പ്രഖ്യാപിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റുനിന്നു. അപ്പോഴാണ് മുന്‍നിരയില്‍നിന്നും എഴുന്നേറ്റ് പതുക്കെ ചുവടുകള്‍ വച്ച് ശ്രീനിവാസന്‍ വേദിയിലേക്ക് കയറിയത്.
വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ഒട്ടേറെ കഥാപാത്രങ്ങളുടെ ഓര്‍മകളില്‍ സ്‌നേഹചുംബനം നല്‍കിയാണ് മോഹന്‍ലാല്‍ ശ്രീനിവാസനെ സ്വീകരിച്ചത്. 'പ്രിയപ്പെട്ട ശ്രീനിവാസനു നന്ദി. വിളിച്ച ഉടന്‍ അനാരോഗ്യം മാറ്റിവച്ച് എത്തിയതിന്', ലാലിന്റെ വാക്കുകള്‍ക്കു മറുപടിയായി മൈക്ക് വാങ്ങി ശ്രീനിവാസന്റെ നര്‍മത്തില്‍ കലര്‍ന്ന മറുപടി. 'രോഗശയ്യയിലായിരുന്നു; അല്ല, രോഗമുള്ള ഞാന്‍ ശയ്യയിലായിരുന്നു!' മലയാളി കാണാന്‍ കൊതിച്ച മുഹൂര്‍ത്തമായിരുന്നു അത്. നീണ്ട കാലത്തിനൊടുവില്‍ മോഹന്‍ലാലും ശ്രീനിവാസനും ഒരേ വേദിയില്‍ എത്തിയപ്പോള്‍ ആരാധകര്‍ക്കും അത് ആഘോഷ നിമിഷമായി.
മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പോയുടെ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയും കൗണ്ടര്‍ ടൈമിംഗും ആവര്‍ത്തിച്ച് കണ്ട് പൊട്ടിച്ചിരിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. ദാസന്‍-വിജയന്‍ മലയാള സിനിമയിലെ ഒരു ബ്രാന്‍ഡായി വളര്‍ന്ന് കഴിഞ്ഞു. സൗഹൃദം ഇഷ്ടപ്പെടുന്നവര്‍ ആസ്വദിക്കുന്ന ഒരു കോമ്പോ കൂടിയാണ് ദാസനും വിജയനും.
'ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള വാക്കുകളും നല്ല തമാശകളും ഇനിയും നമുക്കു കേള്‍ക്കാനാകും. പവിഴമല്ലി വീണ്ടും പൂത്തുലയും' മലയാളിക്കു ദാസനെയും വിജയനെയും സമ്മാനിച്ച സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ ഹര്‍ഷാരവത്തോടെ സദസ്സ് സ്വീകരിച്ചു. മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന സിനിമ ചെയ്യാന്‍ പ്ലാനുണ്ടായിരുന്നുവെന്നും എന്നാല്‍ ശ്രീനിവാസന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അത് നടന്നില്ലെന്നുമാണ് ഒരിക്കല്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത്. താരസംഘടനയായ 'അമ്മ' യുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിലാണ് മനസ്സുതൊട്ട മുഹൂര്‍ത്തങ്ങളും ആവേശക്കാഴ്ചകളും അരങ്ങേറിയത്.