ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെക്കുറിച്ച് നടന്‍ സിദ്ധാര്‍ഥ് നടത്തിയ ലൈംഗികച്ചുവയുള്ള പരാമര്‍ശം വിവാദത്തിലേക്ക് വഴിവയ്ക്കുന്നു. ദേശീയ വനിതാ കമ്മീഷന്‍ നടന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ട്വിറ്ററിന് നോട്ടീസ് അയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തെ കുറിച്ചുള്ളതായിരുന്നു സൈനയുടെ ട്വീറ്റ്. ഇതിനെതിരെയാണ് ലൈംഗിക ചുവയുള്ള മറുപടി ഉണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബില്‍ നിന്ന് പാതിവഴിയില്‍ തിരിച്ചെത്തിയതിനെ കുറിച്ച് പ്രതികരിച്ചുകൊണ്ട് , ‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാവില്ല. സാധ്യമായ ശക്തമായ വാക്കുകളില്‍ പറഞ്ഞാല്‍, പ്രധാനമന്ത്രി മോദിക്കെതിരായ ഭീരുവായ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു. അരാജകവാദികള്‍. എന്നാണ് സൈന ട്വീറ്റ് ചെയ്തത്.
‘സബ്ടില്‍ കോക്ക് ചാമ്പ്യന്‍ ഓഫ് ദി വേള്‍ഡ്. ദൈവത്തിന് നന്ദി ഞങ്ങള്‍ക്ക് ഇന്ത്യയുടെ സംരക്ഷകരുണ്ട്. ലജ്ജിക്കുന്നു റിഹാന’, എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി. തൊട്ടുപിന്നാലെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിനെ വിമര്‍ശിച്ചു രംഗത്ത് വന്നു. ‘ഈ മനുഷ്യന് ചില പാഠങ്ങള്‍ ആവശ്യമാണ്. ട്വിറ്ററില്‍ എന്തുകൊണ്ടാണ് ഈ വ്യക്തിയുടെ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നത്? ബന്ധപ്പെട്ട പോലീസിനെ സമീപിക്കുക എന്നും പറഞ്ഞു.
മഹാരാഷ്ട്ര ഡിജിപിയോടും വനിതാ കമ്മീഷന്‍ വിഷയത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുവാനും അന്വേഷണം നടത്തുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ താന്‍ ലൈംഗികച്ചുവയുള്ള ഒന്നും തന്നെ പറഞ്ഞിട്ടില്ല എന്നാണ് സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. ‘കോക്ക് ആന്‍ഡ് ബുള്‍, ആ റഫറന്‍സ് ആയിരുന്നു. എന്നാണ് സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.