ഒരു മലയാളചലച്ചിത്രനടനും , എഴുത്തുകാരനും, സംവിധായകനുമാണ് മധുപാൽ. 2008 ൽ പുറത്തിറങ്ങിയ തലപ്പാവ് ആണ് താരം ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് ഭാഗ്യം സിദ്ധിക്കുകയും ചെയ്തിട്ടുണ്ട്. കശ്മീരത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തുറന്ന് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.
മുന്‍പ് സിനിമകളില്‍ ചെറിയ റോളുകളില്‍ അഭിനയിച്ചെങ്കിലും അത് പുറത്തിറങ്ങിയില്ലെന്ന് മധുപാല്‍ പറയുന്നു. 'പിന്നീടാണ് കാശ്മീരത്തില്‍ അഭിനയിക്കാനുളള അവസരം വരുന്നത്. അവസാന മിനുട്ട് വരെയും പലരെയും ആലോചിക്കുകയും ഒരു ആക്ടറെ വെച്ച് ചെയ്തിട്ട് അയാളെ കൊണ്ട് പറ്റില്ലാന്ന് തോന്നുകയും ചെയ്ത് ഒഴിവാക്കുകയായിരുന്നു' എന്ന് നടന്‍ പറഞ്ഞു.
'പുതിയ ആളുകളെ അന്വേഷിക്കുകയും അവരൊന്നും പറ്റില്ലെന്നും തോന്നിയ സമയത്താണ് ഞാന്‍ ആ സിനിമയില്‍ നടനായി മാറുന്നത്. സംവിധായകനായ രാജീവേട്ടന്‌റെ തീരുമാനം തന്നെയായിരുന്നു അത്. ഒരാളെ വെച്ച് ഷൂട്ട് ചെയ്തതാണ്. എന്നാല്‍ ഷൂട്ട് പകുതിയായപ്പോള്‍ ഇയാള്‍ ശരിയാവുന്നില്ലെന്ന് തോന്നി. പിന്നാലെയാണ് ഞാന്‍ എത്തുന്നത്. ഈ കഥാപാത്രത്തിന്‌റെ സീനുകള്‍ പെട്ടെന്ന് ഷൂട്ട് ചെയ്യേണ്ടി വന്നു. അങ്ങനെയാണ് ഞാന്‍ കഥാപാത്രമാവുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം ആദ്യം ഉണ്ടായിരുന്നില്ലെന്നും' മധുപാല്‍ പറഞ്ഞു.
'നായികയുടെ കാമുകന്‍ എന്ന ക്യാരക്ടറാണ്. അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ഞാന്‍ മുന്‍പെ രാജീവേട്ടനോട് പറയുമായിരുന്നു. സഹസംവിധായകര്‍ സിനിമയില്‍ അഭിനയിക്കാറുളളത് എപ്പോഴും നടക്കുന്നൊരു കാര്യമാണ്. വഴിപോക്കനായിട്ടും, പോസ്റ്റ്മാനായും അങ്ങനെ ചെറിയ റോളുകള്‍ എല്ലാ അസിസ്റ്റന്റ് ഡയറക്ടേഴ്‌സും ചെയ്യാറുണ്ട്. എന്നാല്‍ അങ്ങനെയുളള റോളുകള്‍ പോലും ഞാന്‍ അധികം ചെയ്തിട്ടില്ല. കശ്മീരത്തിന്‌റെ എല്ലാ ഘട്ടങ്ങളിലും സംവിധായകനൊപ്പം കൂടെ ഉണ്ടായിരുന്ന ആളാണ് ഞാന്‍. അഭിനയിക്കണെങ്കില്‍ അപ്പോള്‍ എനിക്ക് പറയാം. എന്നാല്‍ ഞാന്‍ പറഞ്ഞില്ല. ഇപ്പോഴും അങ്ങനെയാണ്. അഭിനയിക്കണമെന്ന് ആരോടും അങ്ങനെ പറയാറില്ല എന്നും താരം പറയുന്നു.