Latest News

ഭിന്നശേഷിക്കാരെ അപമാനിക്കുന്നു; ആമിര്‍ ഖാന്റെ 'ലാല്‍ സിംഗ് ഛദ്ദ'യ്ക്കെതിരെ വീണ്ടും പരാതി; ഇന്ത്യയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അന്താരാഷ്ട്ര വിണിയില്‍ ചിത്രം തരംഗമാകുന്നു

Malayalilife
 ഭിന്നശേഷിക്കാരെ അപമാനിക്കുന്നു; ആമിര്‍ ഖാന്റെ 'ലാല്‍ സിംഗ് ഛദ്ദ'യ്ക്കെതിരെ വീണ്ടും പരാതി; ഇന്ത്യയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അന്താരാഷ്ട്ര വിണിയില്‍ ചിത്രം തരംഗമാകുന്നു

റിലീസിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന ചിത്രമായിരുന്നു ആമിര്‍ ഖാന്‍ നായകനായി എത്തിയ 'ലാല്‍ സിംഗ് ഛദ്ദ'. ചിത്രത്തിനെതിരെ കടുത്ത രീതിയിലുള്ള ബഹിഷ്‌കരണാഹ്വാനങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ ഭിന്നശേഷിക്കാരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് സിനിമയ്ക്കെതിരെ കേസെടുത്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഡോക്ടേഴ്‌സ് വിത്ത് ഡിസബിലിറ്റീസിന്റെ പരാതിയെ തുടര്‍ന്നാണ് കേസ്. ഭിന്നശേഷിക്കാരില്‍ പ്രത്യേക കഴിവുള്ളവരെ സിനിമ പരിഹസിക്കുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.ഇതോടെ സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.എന്നാല്‍ കേസ് സംബന്ധിച്ച് സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തില്‍ നിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. 

ആമിര്‍ ഖാന്റെ 'ലാല്‍ സിംഗ് ഛദ്ദ', തപ്‌സി പന്നുവിന്റെ 'ശബാഷ് മിഥു' എന്നീ സിനിമകളുടെ സംവിധായകരില്‍ നിന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്നും വികലാംഗ കമ്മീഷന്‍ നോട്ടീസ് അയച്ച് അഭിപ്രായം തേടിയിട്ടുണ്ട്.

വിഷയത്തില്‍ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയവും വിശദീകരണം തേടിയിട്ടുണ്ട്. മുമ്പ് ലാല്‍ സിംഗ് ഛദ്ദയ്ക്ക് എതിരെ ബംഗാള്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സമാധാന ലംഘനം നടത്തുന്നതിനാല്‍ ബംഗാളില്‍ സിനിമ പൂര്‍ണമായും നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
 
നേരത്തെ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നും ഇന്ത്യന്‍ ആര്‍മിയോട് അനാദരവ് കാണിച്ചുവെന്നും ആരോപിച്ച് ലാല്‍ സിംഗ് ഛദ്ദയ്ക്ക് എതിരെ പരാതി ലഭിച്ചിരുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയ്ക്ക് പരാതി നല്‍കിയത്. ആമിര്‍ ഖാനെതിരെയും 'ലാല്‍ സിംഗ് ഛദ്ദ'യുടെ നിര്‍മ്മാതാക്കള്‍ക്കെതിരെയുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇന്ത്യയില്‍ തകര്‍ന്ന് വീണപ്പോള്‍ അന്താരാഷ്ട്ര ബോക്സോഫീസില്‍ തകര്‍ത്ത് വാരുകയാണ് ആമിര്‍ ഖാന്‍ ചിത്രം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഏറ്റവുമധികം കുതിപ്പ് തുടരുന്ന ഹിന്ദി ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ'. ഗംഗുഭായി കത്തിയവാടി, ഭൂല്‍ ഭുലായ്യ2, ദ കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ആമിര്‍ ഖാന്‍ ചിത്രത്തിന്റെ കുതിപ്പ്.

റിലീസിന് ശേഷം അന്താരാഷ്ട്രതലത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ലാല്‍ സിംഗ് ഛദ്ദ നേടിയത് 7.5 മില്യണ്‍ ഡോളറാണ്. (59 കോടി രൂപ). ഗംഗുഭായി കത്തിയവാടി 7.47 മില്യണ്‍ ഡോളറും ഭൂല്‍ ഭുലായ്യ2 5.88 മില്യണ്‍ ഡോളറും കശ്മീര്‍ ഫയല്‍സ് 5.7 മില്യണ്‍ ഡോളറമാണ് നേടിയതെന്നാണ് കണക്കുകള്‍.

അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ലാല്‍ സിംഗ് ഛദ്ദ ടോം ഹാങ്ക്സിന്റെ ലോക ക്ലാസിക് ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ്. കരീന കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.നാഗ ചൈതന്യയും ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സും വിയാകോം 18 സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിര്‍മിച്ചത്.

Aamir Khan on Laal Singh Chaddha boycott

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES