മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയെ കുറിച്ച് ആരാധകൻ എഴുതിയ കുറിപ്പാണ്. ഞ്ജുവാര്യരുടെ ഫാൻസ് പേജിൽ പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ,തമിഴ്‌നാട്ടിലെ നാഗർകോവിൽ ഒരു സെപ്തംബർ മാസം ചിരിക്കുമ്പോൾ നുണക്കുഴി കൊണ്ട് ആകർഷിക്കുന്ന ഒരു പെൺകുഞ് പിറന്നു. മാതാപിതാക്കൾ അവൾക്ക് മഞ്ജു എന്ന പേരും നൽകി. കണ്ണൂരുകാരനായിരുന്ന പിതാവിന് അവിടെ ഒരു ഫിനാൻസ് കമ്പനിയിൽ ആയിരുന്നു ജോലി. അമ്മ ഭർത്താവിന് ഒരു തണലായി മക്കളുടെ കാര്യങ്ങൾ നോക്കി കഴിഞ്ഞു.വറുതിയുടെ കാലമായിരുന്നെങ്കിലും ആ അച്ഛൻ അദ്ദേഹത്തിന്റെ രണ്ട് മക്കളുടെയും പല ആവശ്യങ്ങളും നിറവേറ്റി കൊണ്ടിരുന്നു ..
മകനെ ഒരു സൈനിക് സ്‌കൂളിൽ ചേർത്തു മകൾ വലുതായപ്പോൾ അവർ സ്വദേശമായ കണ്ണൂരിലേക്ക് തന്നെ തിരിച്ചെത്തി. മഞ്ജുവിനെ ചിന്മയ വിദ്യാലയത്തിൽ ചേർത്തു . പിന്നെ ഹയർ സ്റ്റഡീസിന് ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂൾ, എസ് എൻ കോളേജ് കണ്ണൂർ.. പഠനം ഒരു വഴിക്ക് നടക്കുമ്പോൾ മറുവശത് കേരളം കണ്ട ഏറ്റവും മികച്ച ഒരു കലാകാരിയായി മഞ്ജു അറിയപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു ..സ്‌കൂൾ യുവജനോത്സവങ്ങളിൽ കണ്ണൂർ ജില്ലയുടെ മുന്നേറ്റങ്ങൾക്ക് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..അത് മഞ്ജു എന്നായിരുന്നു .
അവൾക്ക് വയസ്സ് പതിനേഴ്. ആദ്യത്തെ മലയാള ചിത്രം സാക്ഷ്യം. അടുത്ത വർഷം സല്ലാപം, തൂവൽക്കൊട്ടാരം എന്നീ പടങ്ങൾ കൂടി ഇറങ്ങിയപ്പോൾ നായകന്റെ ഷോ ഓഫ് മാത്രമല്ല സിനിമ എന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞു . സംസ്ഥാന അവാർഡുകൾ തൊട്ട് നാഷണൽ അവാർഡുകൾ വരെ മഞ്ജുവിന്റെ വൈഭവത്തിനു സമ്മാനമായി കിട്ടി .
എന്നാൽ 1998 ൽ എല്ലാ ചിലങ്കകളും നിശബ്ദമായി. ബിഗ് സ്‌ക്രീനിൽ ഓടി നടന്ന് സന്തോഷിപ്പിച്ചിരുന്ന അവൾ ഇനിയുണ്ടാകില്ല ഇവിടെ എന്നറിഞ്ഞു. പകരം ആരൊക്കെയോ വന്നു എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടി. എങ്കിലും മഞ്ജു ഒഴിച്ചിട്ട ആ ഹൃദയ ഭാഗം കാലിയായി തന്നെ കിടന്നു.
പതിനാറ് ആണ്ടുകൾ കഴിഞ്ഞു. ആരൊക്കെയോ പറഞ്ഞറിഞ്ഞു. മഞ്ജു വീണ്ടും... പഴയ ചിരിയുണ്ടാകുമോ,തിളക്കം കാണുമോ, ഇനിയും ഒരങ്കത്തിനുള്ള വകയുണ്ടാകുമോ എന്നൊക്കെ. ശങ്കിച്ച് മഞ്ജുവിനെ കാത്തിരുന്നു .പതിനാറ് കൊല്ലത്തെ കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും എല്ലാ ഉൾക്കിടിലങ്ങളെയും തട്ടിത്തെറിപ്പിച്ചു മഞ്ജു സ്ക്രീനിലും പുറത്തും ഇലഞ്ഞിത്തറ മേളം നടത്തുന്നത് കാണുമ്പോൾ ശരാശരി സിനിമ പ്രേമി വേറെ ആരെ ഇതിൽക്കൂടുതൽ ഇഷ്ടപ്പെടാൻ .