2018 ലെ അപ്രതീക്ഷിത പ്രളയം കേരളത്തിന്റെ മനസാക്ഷിയെ ഏറെ നൊമ്പരപ്പെടുത്തിയ ദുരന്തമായിരുന്നു. ആ ദുര്‍ഘടഘട്ടത്തിലും ഏറെ ധൈര്യവും പോരാട്ടവീര്യവുമാണ് മലയാളികള്‍ കാഴ്ചവെച്ചത്. ഓരോ മലയാളിയും പോരാളിയായി മാറിയ ആ കഥ പറഞ്ഞു കൊണ്ട് ജനമനസ്സുകള്‍ കീഴടക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം '2018' അധികം വൈകാതെ ലോകമെമ്പാടുംമുള്ള സ്വീകരണമുറികളില്‍ എത്തുന്നു. ജൂണ്‍ 7 മുതല്‍ ജനപ്രിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങും.
റിലീസായി പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 100 കോടി കളക്ഷന്‍ കൈയടക്കി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രമാണ് '2018'. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി നിഷ്പ്രയാസം മാറാന്‍ ജൂഡ് ആന്റണിയുടെ '2018' നു സാധിച്ചു. അടുത്തിടെ ശ്രദ്ധേയമായ 'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രവും സോണി ലിവിലാണ് സ്ട്രീം ചെയ്യുന്നത്.
കേരളത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള ആളുകള്‍ ഒരു പൊതുവിപത്തിനെ നേരിടാന്‍ ഒരുമിച്ചിറങ്ങുന്ന വീരോചിത കഥയാണ് ജൂഡ് ആന്റണി അണിയിച്ചൊരുക്കിയ '2018' എന്ന സിനിമ പറയുന്നത്. സാധാരണ മനുഷ്യര്‍ പോലും അക്ഷരാര്‍ത്ഥത്തില്‍ ഹീറോസായി മാറിയ കാഴ്ച, അതേ വൈകാരികതയോടെ അദ്ദേഹം പകര്‍ത്തിയിരിക്കുന്നു. സ്വന്തം ജീവന്‍ അവഗണിച്ചും മറ്റുള്ളവരെ രക്ഷിക്കാന്‍ അന്ന് ഇറങ്ങിതിരിച്ചവര്‍ക്കുള്ള ആദരവാണ് ഈ സിനിമയെന്ന് ജൂഡ് പറയുന്നു. സോണി ലിവിലൂടെ കൂടുതല്‍ ആളുകള്‍ക്ക് സിനിമ കാണാന്‍ അവസരം കിട്ടുന്നതില്‍ അതിയായ സന്തോഷവും ജൂഡ് പങ്കുവെക്കുന്നു.
വേണു കുന്നപ്പിള്ളി, സി.കെ. പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലയരസന്‍, ഇന്ദ്രന്‍സ്, സുധീഷ്, ജിലു ജോസഫ്, വിനീത കോശി, അജു വര്‍ഗീസ്, തന്വി റാം, ഗൗതമി നായര്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.