2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജൂഡ് ആന്റണി ഒരുങ്ങുന്ന സിനിമയാണ് '2018'. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ടീസറും ഇപ്പോള്‍ കേരളക്കര ഏറ്റെടുത്തിരിക്കുകയാണ്.പുറത്തിറങ്ങി മണിക്കൂറിനുള്ളില്‍ പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.
നാളുകള്‍ നീണ്ടുനിന്ന മഴയുടെ മുന്നോടിയായും അതിന് ശേഷവുമുള്ള കാഴ്ചകളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും ടീസറില്‍ വരച്ചിടുന്നു. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തും
സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. യുവ നോവലിസ്റ്റ് അഖില്‍ പി ധര്‍മ്മജനാണ് സഹരചയിതാവ്. ചിത്രത്തിന്റെ നിര്‍മ്മാണം വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്. ആന്റോ ജോസഫാണ് ഈ വിവരം ഫേസ്ബുക്കില്‍ പങ്കുവച്ചത്.
വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, കലൈയരസന്‍, നരേന്‍, ലാല്‍, അജുവര്‍ഗീസ്, ഇന്ദ്രന്‍സ്, അപര്‍ണ ബാലമുരളി, ഗൗതമി നായര്‍, ശിവദ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഖില്‍ ജോര്‍ജ് കാമറയും ചമന്‍ ചാക്കോ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം 777 ചാര്‍ലിയിലൂടെ ശ്രദ്ധേയനായ നോബിന്‍ പോള്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷം മുന്‍പാണ് ഈ സിനിമ പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിക്കുമ്പോള്‍ സിനിമയ്ക്ക് 2403 ഫീറ്റ് എന്നായിരുന്നു പേര് നല്‍കിയിരുന്നത്. പിന്നീട് ഇത് മാറ്റുക ആയിരുന്നു. ഇപ്പോള്‍ 2018 EVERYONE IS A HERO' (എല്ലാവരും ഒരു ഹീറോയാണ്) എന്ന പേരാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.