മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം 'ട്വല്‍ത്ത് മാന്‍' മികച്ച പ്രതികരണങ്ങളുമായി ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാറിലൂടെ സ്ട്രീം ചെയ്യുകയാണ്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിലെ മോഹന്‍ലാലിന്റെ ഒരു രസകരമായ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചന്ദുനാഥിനൊപ്പം 'ഓഡ് ഓര്‍ ഈവന്‍' കളിക്കുന്നതാണ് വീഡിയോ.
ചന്ദുനാഥ് തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. 'ദൈവത്തിന്റെ കൗതുകം' എന്ന ക്യാപ്ഷ്യനോടെയാണ് ചന്ദുനാഥ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും ഗെയിം് കളിക്കുന്നത്. മറ്റ് താരങ്ങളെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരേയും വീഡിയോയില്‍ കാണാം. മുന്‍പും ഇത്തരത്തില്‍ ട്വില്‍ത് മാന്‍ സെറ്റില്‍ നിന്നുമള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് 12വേ മാന്‍ നിര്‍മിച്ചത്. നവാഗതനായ കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഒരു റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ ഒത്തുകൂടുന്നതും അവിടെ ഒരു കൊലപാതകം നടക്കുന്നതുമാണ് ട്വല്‍ത്ത് മാന്റെ പ്രമേയം. ഫോണില്‍ വരുന്ന മെസേജുകളും കോളുകളും മറ്റുള്ളവര്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തുന്ന ഒരു ഗെയിമിന് ശേഷം സംഭവിക്കുന്ന വാക്ക് തര്‍ക്കങ്ങളെ തുടര്‍ന്നാണ് കൊലപാതകം നടക്കുന്നത്.
മോഹന്‍ലാലിന്റെ കഥാപാത്രം ഇവരെയെല്ലാം ഒരു റൂമില്‍ എത്തിച്ച് ഒരു മേശക്ക് ചുറ്റും ഇരുത്തി കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.