വിശ്വവിഖ്യാത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ ( വണ്‍ ഹന്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ്) അരങ്ങിലേക്ക്. ഓണ്‍ ലൈന്‍ സീരിസായിട്ടാണ് വിശ്വവിഖ്യാതമായ നോവല്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. 1967 ല്‍ പുറത്തിറങ്ങി, 5 കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെ്ട നോവല്‍ കൂടിയാണ് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍. നോവല്‍ സ്പാനിഷ് ഭാഷയില്‍ വെബ് സീരീസായെത്തിക്കാനുള്ള അവകാശം നേടിയെടുത്തതായി നെറ്റ്ഫ്ലിക്സ് ബുധനാഴ്ച്ച അറിയിച്ചു.
സീരീസില്‍ ഗാര്‍ഷ്യയുടെ മക്കളായ റോഡ്രിഗോ ഗാര്‍ഷ്യയും, ഗോണ്‍സാലോ ഗാര്‍ഷ്യയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സാകുന്ന സീരീസ് കൊളംബിയയിലായിരിക്കും ചിത്രീകരിക്കുക. സാങ്കല്‍പ്പിക ഗ്രാമമായ മക്കോണ്ടയും ബുവേണ്ടിയ ഗ്രാമനിര്‍മാതാവായ ബുവേണ്ടിയ വംശത്തിന്റെ ഏഴുതലമുറകളുടെ കഥയാണ് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ പറഞ്ഞുപോയത്. സ്പാനിഷ് കോളനി വല്‍ക്കരണത്തിനുശേഷം ലാറ്റിനമേരിക്കയില്‍ ഉണ്ടായ സാംസ്‌കാരിക, സാമുഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ വരച്ചു കാട്ടുന്ന നോവല്‍ 46 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മുന്‍പ് ഗാര്‍ഷ്യയുടെ 'കോളറക്കാലത്തെ പ്രണയം' എന്ന നോവലും സിനിമയായിരുന്നു. തന്റെ തന്നെ 'ദ ഇന്‍ക്രെഡിബിള്‍ ആന്‍ഡ് സാഡ് ടെയില്‍ ഓഫ് ഇന്നസെന്റ് എറെന്‍ഡിറ ആന്‍ഡ് ഹെര്‍ ഹെര്‍ട്ട്ലെസ്സ് ഗ്രാന്‍ഡ് മദര്‍ (1972)' എന്ന നോവല്ലെയെ അടിസ്ഥാനമാക്കി 'എറെന്‍ഡിറ' എന്ന സ്പാനിഷ് ചിത്രത്തിനു വേണ്ടിയും മാര്‍കേസ് തിരക്കഥ ഒരുക്കിയിരുന്നു.എന്നാല്‍ 2014ല്‍ മരിക്കുന്നത് വരെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളുടെ ചിത്രീകരണാവകാശം അദ്ദേഹം ആര്‍ക്കും നല്‍കിയിരുന്നില്ല.