കൊച്ചി: മഴവില്‍ മനോരമയിലെ 'നായികാ നായകന്' റിയാലിറ്റി ഷോയിലെ ജേതാക്കളായി ദര്‍ശന എസ്. നായരേയും ശംഭു മേനോനെയും തിരഞ്ഞൈടുത്തു. മിനിസ്ക്രീനില്‍ തിളങ്ങിയ ഇരുവര്‍ക്കും ഇനി ലാല്‍ ജോസ് സിനിമയിലൂടെ നായികാ നായകന്മാരായി വെള്ളിത്തിരയിലും കസറാം. സംവിധായകന് ലാല്‍ ജോസിന്റെ ഏറ്റവും പുതിയ സിനിമയിലെ നായികയെയും നായകനെയും കണ്ടെത്താന്‍ നടത്തിയ റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ ആറു പേരാണു പങ്കെടുത്തത്.
ആഡിസ് ആന്റണി അക്കര, വിന്‍സി അലോഷ്യസ് എന്നിവര്‍ രണ്ടാം സ്ഥാനവും മാളവിക കൃഷ്ണദാസ്, വി.ആര്. വിഷ്ണുദാസ് (വിശ്വ) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. 16 പേരാണു ഷോയില്‍ പങ്കെടുത്തത്. നടന് കുഞ്ചാക്കോ ബോബനും നടി സംവൃത സുനിലും മാര്‍ഗനിര്‍ദേശങ്ങളുമായി മത്സരാര്ഥികള്ക്കൊപ്പമുണ്ടായിരുന്നു. സംവിധായകന് ലാല്‍ജോസ് വിധികര്‍ത്താവായും എത്തുന്ന പരിപാടിയായിരുന്നു 'നായികാ നായകന്'
പാലാ മല്ലികശേരി കാവുംകണ്ടത്തില്‍ സുദര്ശനകുമാറിന്റെയും ലതയുടെയും മകളായ ദര്‍ശന ന്യൂഡല്‍ഹി എയിംസ് ആശുപത്രിയില്‍ നഴ്സിങ് ഓഫിസറാണ്. മുംബൈയില്‍ ബിടെക് വിദ്യാര്‍ത്ഥിയായ ശംഭു കൊല്ലം ആശ്രാമം കാവടിപ്പുറം ശബരിയില്‍ സുരേഷ് മേനോന്റെയും സിന്ധുവിന്റെയും മകനാണ്.
ഈസ്റ്റേണ്‍ ജനറല്‍ മാനേജര്സെയില്സ് ലൗലി ബേബി, സീനിയര്‍ മാനേജര്‍ സജി വര്‍ഗീസ്, മാനേജര്‍ ബിജു പി. സെബാസ്റ്റ്യന്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കു പുരസ്കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്കി. അശ്വതി, ഡെയ്ന്‍ ഡേവിസ് എന്നിവരായിരുന്നു അവതാരകര്‍. വിനി കോസ്മെറ്റിക്സ്, ഫെഡറല്‍ ബാങ്ക്, ബെര്‍ജര്‍ പെയിന്റ്സ് എന്നിവയാണു സഹപ്രായോജകര്‍.