വിവാഹവാര്‍ത്തയ്ക്കിടെ പ്രിയതമന്റെ കൈപിടിച്ച് വീണ്ടും അവാര്‍ഡ് വേദിയില്‍ എത്തിയിരിക്കുകയാണ് നയന്‍സ്. ഒരിടവേളയ്ക്ക് ശേഷം ആണ് നയന്‍താര അവാര്‍ഡ് വേദിയിലെത്തുന്നത്. ഗലാട്ട ക്രൗണ്‍ അവാര്‍ഡ് നിശയില്‍ ആണ് വിഘ്‌നേഷിനൊപ്പം നയന്‍താര എത്തിയത്.
ദ ഇംപ്രസ് ഓഫ് ഇന്ത്യന്‍ സിനിമ അവാര്‍ഡ് നയന്‍താര നേടിയപ്പോള്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടിയത് വിഘ്‌നേഷ് ശിവനാണ്. ബ്ലാക്ക് സാരിയും ഒരു സ്റ്റേറ്റ്മെന്റ് നെക്ലേസും അണിഞ്ഞാണ് നയന്‍താര വേദിയിലെത്തിയത്.
അടുത്തിടെയാണ് വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത 'കാത്തുവാക്കുല രണ്ടു കാതല്‍' എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയത്. വിജയ് സേതുപതി നായകനായ ചിത്രത്തില്‍ നയന്‍താരയും സാമന്തയുമാണ് നായികമാരായി അഭിനയിച്ചത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.
ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 'കാത്തുവാക്കുല രണ്ടു കാതല്‍'. വിഘ്‌നേശ് ശിവനും നയന്‍താരയും സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം 'കാത്തുവാക്കുല രണ്ടു കാതല്‍' വലിയ വിജയമാകുന്നതില്‍ നയന്‍താര നല്‍കിയ പിന്തുണയെക്കുറിച്ച് വിഘ്‌നേഷ് വാചാലനായിരുന്നു. ''പ്രിയപ്പെട്ട തങ്കമേ ഇപ്പോള്‍ കണ്‍മണിയും.. എന്റെ ജീവിതത്തിലെ നെടുംതൂണായതിന് നന്ദി! നീ എന്റെ മുതുകത്ത് നല്‍കുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ്. എന്റെ ജീവിതത്തില്‍ എല്ലായ്പ്പോഴും ഞാന്‍ താഴ്ന്നവനും അവ്യക്തനുമായിരുന്നു! നീ എന്നോടൊപ്പം നിന്നപ്പോള്‍ തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് കഴിഞ്ഞു, ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു.. ഇതെല്ലാം നടന്നതും ഈ സിനിമ പൂര്‍ത്തിയായതിനും കാരണം നീയാണ്. നീയാണ് ഈ സിനിമ .. നീയാണ് എനിക്ക് ഈ വിജയം. എന്റെ കണ്‍മണി.'', അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
നയന്‍താരയും വിഘ്‌നേഷ് ശിവനും ജൂണ്‍ 9ന് വിവാഹിതരാവുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍, നയന്‍താരയോ വിഘ്‌നേഷോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.