ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര. ഇത്തവണത്തെ നയന്‍താരയുടെയും കുടുംബത്തിന്റെയും ദീപാവലി ആഘോഷം മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പമായിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
'ഈ ദീപാവലി വ്യത്യസ്തമായി തോന്നി, ഊഷ്മളത, സ്നേഹം, എന്റെ ചുറ്റുമുളള ആളുകളില്‍ വീട് കണ്ടെത്തുന്നതിന്റെ വികാരവും. നമ്മുടെ ഉളളിലും ചുറ്റിലും എപ്പോഴും വെളിച്ചം നിലനില്‍ക്കട്ടെ, ദീപാവലി ആശംസകള്‍' ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് നയന്‍താര കുറിച്ചു.
പരമ്പരാഗത വസ്ത്രങ്ങളായിരുന്നു നയന്‍താരയും വിഘ്നേഷും മക്കളും ധരിച്ചിരുന്നത്. പച്ച സില്‍ക്ക് സാരിയില്‍ അതീവ സുന്ദരിയായിരുന്നു താരം. പച്ച നിറത്തിലുളള കുര്‍ത്തയും പൈജാമയുമായിരുന്ന വിഘ്നേഷിന്റെ വേഷം. മക്കളായ ഉയിരും ഉലഗും വെളള നിറത്തിലുളള പരമ്പരാഗത വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്.നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്നേഹം അറിയിച്ചെത്തുന്നത്.
വെങ്കിടേഷ് , നാഗാര്‍ജുന, നയന്‍താര എന്നിവര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 'എന്റെ പ്രീയപ്പെട്ട സുഹൃത്തുക്കളായ നാഗാര്‍ജുന, വെങ്കിടേഷ്, നയന്‍താര എന്നിവരോടൊപ്പം ഞങ്ങളുടെ കുടുംബങ്ങളോടൊപ്പം വിളക്കുകളുടെ ഉത്സവം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇതുപോലുളള നിമിഷങ്ങള്‍ ഹൃദയത്തെ സന്തോഷം കൊണ്ട് നിറയ്ക്കുകയും ജീവിതം ശരിക്കും പ്രകാശനമാക്കുന്ന സ്നേഹം, ചിരി, ഒരുമ എന്നിവയെ ഓര്‍മ്മിപ്പിക്കുകയും ചെയ്യും 'എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ചിരഞ്ജീവി കുറിച്ചത്.
അതേസമയം ആര്‍ മാധവനും സിദ്ധര്‍ഥും പ്രധാന വേഷങ്ങളിലെത്തിയയ സ്പോര്‍ട്സ് ത്രില്ലര്‍ ചിത്രം ടെസ്റ്റിലാണ് നയന്‍താര അവസാനമായി അഭിനയിച്ചത്. എസ് ശശികാന്ത് സംവിധാനം ചെയ്ത ഈ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുകയും ആരാധകരില്‍ നിന്നും നിരൂപകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ടോക്സിക്, ഡിയര്‍ സ്റ്റുഡന്റ്സ്, മണ്ണാങ്കട്ടി സിന്‍സ് 1960,മന ശങ്കര വര പ്രസാദ് ഗരു എന്നിവയാണ് നടിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.