തമിഴ് നടന്‍ രവി മോഹനുമായുള്ള ദീര്‍ഘനാളത്തെ സൗഹൃദം അവസാനിപ്പിക്കുന്നു എന്ന സൂചനയുമായി ഗായിക കെനീഷ ഫ്രാന്‍സിസ് രംഗത്ത്. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വൈകാരികമായ ഒരു കുറിപ്പിലൂടെയാണ് താന്‍ രവി മോഹനെ 'സ്വതന്ത്രനാക്കുകയാണെന്നും' അദ്ദേഹത്തോടുള്ള എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുകയാണെന്നും കെനീഷ വ്യക്തമാക്കിയത്.
താന്‍ ചെന്നൈ നഗരം വിടുകയാണെന്നും സംഗീതം, തെറാപ്പി തുടങ്ങിയ തന്റെ പ്രൊഫഷണല്‍ മേഖലകളില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രവി മോഹനുമായുള്ള ബന്ധത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ കെനീഷ നേരിട്ടിരുന്നു. ഇതിന് മറുപടിയായി ഇവര്‍ പങ്കുവെച്ച വീഡിയോകള്‍ പിന്നീട് പിന്‍വലിക്കുകയും ചെയ്തു. തങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രമാണെന്നും മാനസികമായി തകര്‍ന്നിരുന്ന രവി മോഹന് ഒരു തെറാപ്പിസ്റ്റ് എന്ന നിലയിലുള്ള പിന്തുണ മാത്രമാണ് നല്‍കിയതെന്നുമാണ് കെനീഷ നേരത്തെ അവകാശപ്പെട്ടിരുന്നത്.
രവി മോഹനും ഭാര്യ ആരതിയും തമ്മിലുള്ള ദാമ്പത്യപ്രശ്‌നങ്ങള്‍ വലിയ വാര്‍ത്തയായ പശ്ചാത്തലത്തിലാണ് കെനീഷയുടെ പേരും ചര്‍ച്ചകളിലേക്ക് വന്നത്. തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് രണ്ട് വര്‍ഷം മുന്‍പാണ് രവി മോഹന്‍ ആരതിയുമായി വേര്‍പിരിഞ്ഞ കാര്യം വെളിപ്പെടുത്തിയത്.
ഇതിനുപിന്നാലെ കെനീഷയും രവി മോഹനും വിവിധ പൊതുപരിപാടികളിലും ക്ഷേത്രദര്‍ശനങ്ങളിലും ഒന്നിച്ചെത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നു. പാലക്കാട് മീങ്കുളത്തി ഭഗവതി ക്ഷേത്രത്തില്‍ ഇവര്‍ ഒന്നിച്ചെത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനിടെ രവി മോഹനെയും കെനീഷയെയും പരോക്ഷമായി ലക്ഷ്യം വെച്ച് ആരതിയും രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഒടുവിലാണ് എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ചെന്നൈ വിടുകയാണെന്ന കെനീഷയുടെ നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
കെനീഷയുടെ വൈകാരിക പോസ്റ്റ് ഇങ്ങനെ...
ക്രൂരമായൊരു കുട്ടിക്കാലമായിരുന്നു എന്റേത്. അച്ഛന്റേയും അമ്മയുടേയും എകമകളാണ്. 2013 ല്‍ അമ്മ മരിച്ചു. 2017 ല്‍ അച്ഛന്‍ മരിച്ചു. നാല് വയസ് മുതല്‍ എന്റെ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി അതിക്രമിച്ചിട്ടുണ്ട്. 18-ാം വയസില്‍ എന്നെ കല്യാണം കഴിപ്പിച്ചു. ആ പ്രായത്തിലുള്ളൊരു കുട്ടിയ്ക്ക് അതായിരുന്നില്ല ആവശ്യം. നാല് മാസം മാത്രമായിരുന്നു ആ ബന്ധം നിലനിന്നത്. അയാള്‍ക്ക് പത്തിലധികം കാമുകിമാരുണ്ടായിരുന്നു. നിരന്തരം പീഡനം നേരിട്ടു. പീഡനത്തില്‍ എന്റെ വയറ്റിലുണ്ടായിരുന്നു കുഞ്ഞിനെ നഷ്ടമായി. 19-ാം വയസിലാണ് ഇത് സംഭവിക്കുന്നത്.
പിന്നാലെ അമ്മയെ നഷ്ടമായി. നാല് വര്‍ഷക്കാലം അല്‍ഷിമേഴ്സ് രോഗിയായ അച്ഛനെ നോക്കി. പത്ത് വര്‍ഷക്കാലമായി ഒറ്റയ്ക്കാണ് ജീവിതം നയിക്കുന്നത്. ആരും പറയില്ല കെനീഷ ഫേവറിലൂടെയാണ് എന്തെങ്കിലും നേടിയതെന്ന്. ബാറില്‍ അഞ്ഞൂറ് രൂപയ്ക്ക് പാടിയാണ് കരിയര്‍ ആരംഭിക്കുന്നത്. അതിലൊരു പ്രശ്നവും കാണുന്നില്ല. ഇന്ന് എന്നെ ഇവിടെ എത്തിച്ചതിന്റെ തുടക്കം അതായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്നെക്കുറിച്ച് കഥകളുണ്ടാക്കുന്നവര്‍ എന്നെപ്പറ്റി അറിയാനായി ബെംഗളൂരിവിലേക്ക് ഡിറ്റക്ടീവുകളെ അയച്ചു. ഞാന്‍ ആരെയാണ് കല്യാണം കഴിച്ചതെന്ന് അറിയാന്‍. എന്റെ അച്ഛനെ ഒരു വീട്ടില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന് പറയുന്നു. എന്നെ കണ്ടാല്‍ അച്ഛനേയും അമ്മയേയും വേണ്ടെന്ന് വെച്ച ആളാണെന്ന് തോന്നുന്നുണ്ടോ? വിവരക്കേട് പറയരുത്. അനാഥയായിരിക്കുന്നത് ആസ്വദിക്കുന്ന ആളല്ല ഞാന്‍. നിങ്ങള്‍ക്കൊക്കെ എന്താണ് പ്രശ്നം? ഇത്രയും നാള്‍ ഞാന്‍ മിണ്ടാതിരിക്കുകയായിരുന്നു. എന്നോട് നിയമത്തെ വിശ്വസിക്കാനും പിന്തുടരാനുമായിരുന്നു പറഞ്ഞത്. എനിക്ക് ഒന്നും തെളിയിക്കേണ്ടതില്ല. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ഞാന്‍ മറ്റൊരാളെ തന്റെ കുഞ്ഞില്‍ നിന്നും മാറ്റി നിര്‍ത്തുമെന്ന് തോന്നുന്നുണ്ടോ?
കുറച്ച് ദിവസം മുമ്പ് പാലക്കാട് ഷോ ഉണ്ടായിരുന്നു. ഗംഭീരമായിരുന്നു പരിപാടി. പാലക്കാടു നിന്ന് മാത്രമല്ല കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള ആളുകള്‍ പരിപാടി കണ്ടു. കേരളത്തില്‍ നിന്നും കൂടുതല്‍ പരിപാടികളുടെ ഓഫറുകളും ലഭിച്ചു. കുറച്ച് ദിവസം കഴിഞ്ഞാണ് അറിയുന്നത് എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ആയിട്ടുണ്ടെന്ന്. മെസേജുകള്‍ വന്ന് തുടങ്ങിയപ്പോഴാണ് മനസിലായത്. ഉടന്‍ അക്കൗണ്ട് തിരിച്ചു പിടിച്ചു. പരാതി നല്‍കിയിട്ടുണ്ട്.
എനിക്ക് കോടതി നോട്ടീസ് അയ്യചെന്ന തമിഴ്മാധ്യമങ്ങളിലെ വാര്‍ത്ത വാ്യജമാണ്. എങ്ങനെയാണ് നിങ്ങള്‍ക്ക് ആ കോടതി നോട്ടീസ് കാണുക പോലും ചെയ്യാതെ വാര്‍ത്ത എഴുതാനാകുന്നത്. എനിക്ക് അങ്ങനൊരു നോട്ടീസും കിട്ടിയിട്ടില്ല. ഒന്നും കിട്ടിയിട്ടില്ല. ഇത് എവിടുന്ന് വരുന്നുവെന്ന് അറിയില്ല. എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തവര്‍ ബോട്ടിനെ വച്ച് മെസേജ് അയക്കുകയും മറുപടി നല്‍കുകയായിരുന്നു. എന്റെ മറുപടികളായിരുന്നില്ല അതൊന്നും. ആരാണ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.
മാനസികമായി തകര്‍ന്നു നില്‍ക്കുന്ന ഒരാള്‍ സഹായം തേടി വന്നപ്പോള്‍ തെറാപ്പിസ്റ്റ് എന്ന നിലയില്‍ അയാള്‍ക്ക് മാനസിക പിന്തുണ നല്‍കുകയാണ് ചെയ്തത്. വീട്ടുകാരേയും കൂട്ടുകാരേയുമെല്ലാം കടന്ന് ഒരാള്‍ സഹായം തേടി വരുമ്പോള്‍ അയാള്‍ ഏത് മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ഊഹിക്കാം. സ്വയം തെരഞ്ഞെടുക്കാനും തീരുമാനമെടുക്കാനുമുള്ള പക്വതയും പ്രായവുമായവരാണ് എല്ലാവരും.
അദ്ദേഹത്തിനുണ്ടായ മാനസികാഘാതം കുടുംബം പുനസ്ഥാപിക്കാനുള്ള നിലയില്‍ നിന്നും അദ്ദേഹത്തെ പൂര്‍ണമായും അകറ്റിയിരുന്നു. ആ സാഹചര്യത്തില്‍ ആ കുടുംബത്തെ ഒന്നിച്ചു ചേര്‍ക്കാന്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ വളര്‍ന്നു വന്ന സാഹചര്യത്തിലല്ല ഞാന്‍ വളര്‍ന്നത്. ആരേയും ചതിക്കരുത്, കള്ളം പറയരുത്. അര്‍ഹതപ്പെടാത്തത് സ്വന്തമാക്കരുത് എന്നാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് എനിക്കാരുടേയും കുടുംബം തകര്‍ക്കാനുള്ള ഉദ്ദേശ്യമില്ല.
ഞങ്ങള്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ല. നിങ്ങളുടെ കണ്‍മുന്നില്‍ തന്നെയുണ്ട്. അത്രയും പ്രശ്നമുണ്ടായിട്ടും സിഎം വരെ ആയിട്ടുണ്ട്. എന്താണ് നടന്നതെന്ന് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് അറിയാം. രവി മോഹന്റെ കൂടെ ഞാന്‍ പലയിട്ടത്തും യാത്ര ചെയ്തിട്ടുണ്ട്. ഒരുപാട് പേര്‍ വന്ന് എന്റെ കൈ പിടിച്ച് അദ്ദേഹത്തെ രക്ഷിച്ചതും, ആ മുഖത്ത് വീണ്ടും ചിരി കൊണ്ടു വന്നതിനും നന്ദി പറഞ്ഞിട്ടുണ്ട്. ഒരു സുഹൃത്തിനെ സഹായിച്ചതിനാണോ എന്നെ ആക്രമിക്കുന്നത്? എല്ലാത്തിനും തീര്‍പ്പു കല്‍പ്പിക്കുന്നൊരു ദിവസം വരും. ഇത് കലിയുഗമാണ്. കര്‍മ എവിടേയും പോകില്ല. ഞാന്‍ ആരെന്ന് എനിക്കറിയാം. എന്നെക്കുറിച്ച് ആശങ്കപ്പെടണ്ട.
പൊതുജനങ്ങളോട്, സിനിമാ വ്യവസായത്തോട്, നിരീക്ഷകരോട്, അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരോടും ഇഷ്ടമില്ലാത്തവരോടും, സംരക്ഷിക്കുന്നവരോട്, പരിഹസിക്കുന്നവരോട്, അയാളുടെ ജീവനുമേല്‍ അവകാശവാദം ഉന്നയിക്കുന്നവരോട്- അയാള്‍ ഇപ്പോള്‍ നിങ്ങളുടേതാണ്. കൂടുതല്‍ വിശദീകരണമില്ല. പ്രതിരോധിക്കാനുമില്ല. എന്റേതല്ലാത്ത യുദ്ധങ്ങള്‍ ഇനി പോരാടാനില്ല. നല്ല മനുഷ്യന്മാര്‍ക്ക് ജീവിക്കാന്‍ ഒരവസരം വേണമെന്നും അതിന് പിന്തുണ നല്‍കാന്‍ കഴിയുന്നതാണ് ഏറ്റവും നല്ല കാര്യമെന്നുമുള്ള എന്റെ ചിന്ത മണ്ടത്തരമായിരുന്നു. എന്നാല്‍ ഈ ലോകം കള്ളന്മാരുടേതും വഞ്ചിക്കുന്നവരുടേതും ജീവിതം ചൂഷണം ചെയ്യുന്നവരുടേതും മാത്രമാണെന്ന് ഞാന്‍ മനസിലാക്കുന്നു.
അതുകൊണ്ട്, സമാധാനത്തോടെ, സ്നേഹത്തോടെ, പൂര്‍ണ്ണ നിസ്സംഗതയോടെ ഞാന്‍ അവനെ സ്വതന്ത്രനാക്കുന്നു. ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുന്നു. യഥാര്‍ഥ സ്നേഹത്തിനും വിശ്വസ്തതയ്ക്കും ആര്‍ദ്രതയ്ക്കും എന്ത് ചെയ്യാന്‍ കഴിയുമായിരുന്നുവെന്ന് കാണിക്കാന്‍ ലോകം എന്നെ അനുവദിച്ചിരുന്നുവെങ്കിലെന്ന് ഞാന്‍ ആശിക്കുന്നു. ഒരുപക്ഷേ, ഈ തലമുറയ്ക്ക് ആര്‍ദ്രതയില്‍ വിശ്വാസമില്ലായിരിക്കാം. അര്‍പ്പണത്തേക്കാള്‍ സംഹാരമാവും ദഹിക്കാന്‍ എളുപ്പം. ത്യാഗത്തില്‍ നിര്‍മിച്ച സത്യങ്ങളേക്കാള്‍, വൈകാരികമായ കഥകള്‍ ആയിരിക്കും ആളുകള്‍ എപ്പോഴും തിരഞ്ഞെടുക്കുക. എന്നാലിതാ, നിങ്ങള്‍ ആഗ്രഹിച്ചതുതന്നെ ലഭിച്ചിരിക്കുന്നു. അതുകൊണ്ട് ഇന്നുമുതല്‍ ഞാന്‍ ചെറുക്കുന്നത് നിര്‍ത്തുന്നു. തെറ്റായി മനസിലാക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ള ഇടങ്ങളില്‍ നന്മ തെളിയിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ അവസാനിപ്പിക്കുന്നു.
ഞാന്‍ ചെന്നൈ വിട്ടു. എല്ലാം ഉപേക്ഷിക്കുന്നു. എന്റെ സംഗീതവും തെറാപ്പിയും ഇതുവരെ എന്റെ ജീവിതത്തില്‍ പ്രധാനമായി കരുതിയതെല്ലാം ഉപേക്ഷിക്കുന്നു. ദൈവം സൃഷ്ടിച്ചതിനെ മനുഷ്യന് നശിപ്പിക്കാന്‍ കഴിയും. ഞാന്‍ എല്ലാം ഉപേക്ഷിക്കാന്‍ കാരണം സൈബര്‍ ആക്രമണവും മാനിപ്പുലേഷനും ദുര്‍മന്ത്രവാദവുമാണ്. ദൈവം ജയിക്കുന്നതുവരെ ഞാന്‍ ഇന്‍സ്റ്റഗ്രാമും എല്ലാ സാമൂഹികമാധ്യമങ്ങളും ഉപേക്ഷിക്കുന്നു. എനിക്ക് അല്‍പം സ്വകാര്യത നല്‍കണമെന്ന് സുഹൃത്തുക്കളോടും കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും അഭ്യര്‍ഥിക്കുന്നു. എന്നാണ് കെനീഷ പറയുന്നത്.