ഒരു ക്രിസ്തുമസ് ദിനത്തില്‍ സത്യന് അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താര. ജയറാമിന്റെ നായികയായ ഒരു നാട്ടിന്‍പുറത്തുകാരിയായി സിനിമയിലേക്ക് എത്തിയ നയന്‍താര മലയാളത്തില്‍ നിന്നും തമിഴിലേക്കും പിന്നീട് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിലും തന്റെ ചുവടുറപ്പിക്കുകയായിരുന്നു. നായികാപ്രാധാന്യമുളള കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന നയന്‍സ് സിനിമയിലെക്ക് ചുവടുവച്ചിട്ട്് പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാകുകയാണ്.
ഡയാന മറിയം കുര്യന് എന്ന നയന്‍താര 2003 ലെ ക്രിസ്തുമസ് ദിനത്തിലായിരുന്നു നായികയായി മലയാള സിനിമയിലേക്ക് എത്തുന്നത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ ആയിരുന്നു നയന്‍താരയുടെ ആദ്യ സിനിമ. ചിത്രം ബോക്സോഫീസില്‍ സാമ്പത്തിക വിജയം സ്വന്തമാക്കിയെന്നു മാത്രമല്ല സിനിമയിലെ നയന്‍താരയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മോഹന്‍ലാലിന്റെ നായികയായി വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലും നാട്ടുരാജാവിലും നയന്‍താര പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അഭിനയമൂല്യമുളള കഥാപാത്രങ്ങളൊന്നും മലയാള സിനിമയില്‍ നിന്നും നയന്‍താരയ്ക്ക് ലഭിച്ചില്ല. തമിഴിലേക്ക് ചേക്കേറിയതോടെ നിരവധി അവസരങ്ങളും അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങളും ലഭിച്ചതോടെ തിരക്കേറിയ നായികയായി നയന്താരമാറുകയായിരുന്നു. ഒരു നടിയെന്ന നിലയില്‍ വിജയങ്ങളുടെ ഘോഷയാത്രയായിരുന്നു പിന്നീടങ്ങോട്ട്.
2012 വരെ കൊമേര്‍ഷ്യല്‍ സിനിമകളില്‍ മാത്രം അഭിനയിച്ചുകൊണ്ടിരുന്ന നയന്‍താര 2013 ല്‍ അറ്റ്ലി സംവിധാനം ചെയ്ത ആര്യ നായകനായ 'രാജ റാണി' എന്ന ചിത്രത്തിന് ശേഷമാണ് പെര്‍ഫോമന്‍സ് ഓറിയന്റഡായിട്ടുള്ള ചിത്രങ്ങള്‍ ചെയ്ത് തുടങ്ങിയത്. അതിനുശേഷം തനി ഒരുവന്, മായ, നാനും റൗഡി താന്‍, ആറം, കൊളമാവ് കോകില, ഇമൈക്ക നൊടികള്‍ എന്നി ചിത്രങ്ങളില്‍ തകര്‍പ്പന്‍ പെര്‍ഫോമന്‍സിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുകയും തമിഴിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മാറുകയും ചെയ്തു. സിനിമ ജീവിതത്തില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ 2018ല്‍ രണ്ട് സൂപ്പര്‍ഹിറ്റുകളാണ് നയന്‍താരയുടെ പേരിലുള്ളത്, നെല്‍സണ്‍ സംവിധാനം ചെയ്ത കൊളമാവ് കോകിലയും അജയ് ജ്ഞാനമുത്തുവിന്റെ ഇമൈക്ക നൊടികളും. അടുത്ത വര്‍ഷത്തേക്ക് അയ്ര, കോലയുതിര് കാലം, വിശ്വാസം, സെയ് രാ നരസിംഹ റെഡ്ഡി, ലവ് ആക്ഷന്‍ ഡ്രാമ, തുടങ്ങി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒട്ടനവധി സിനിമകളാണ് നയന്‍താരയുടേതായി വരാനിരിക്കുന്നത്.
മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പുതിയ നിയമം ആയിരുന്നു നയന്‍സ് നായികയായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന മലയാള സിനിമ. 2016 ലായിരുന്നു പുതിയ നിയമം റിലീസിനെത്തിയത്. രണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ് നടിയിപ്പോള്‍. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര വീണ്ടും മലയാളത്തില്‍ എത്തുന്നത്. നിവിന്‍ പോളി നായകനായി എത്തുമ്പോള്‍ താരപുത്രന് ധ്യാന്‍ ശ്രീനിവാസനാണ് സംവിധാനം ചെയ്യുന്നത്. സംവിധായകന് വിഘ്നേഷ് ശിവയുമായി പ്രണയത്തിലാണ് നയന്‍താര. ഇരുവരും ഒരുമിച്ചുളള ആഘോഷചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. ഉടന്‍ തന്നെ നയന്‍താരയുടെ വിവാഹമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.