നവ്യ നായരുടെ ഒരുത്തി എന്ന വന്‍ ഹിറ്റിനു ശേഷം പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഇരിങ്ങാലക്കുടയ്ക്ക് അടുത്തുളള കാറളം എന്ന ഗ്രാമമാണ്. ഉയരെ എന്ന ചിത്രത്തിന് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.. നിലവില്‍ ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്് അനീഷ് ഉപാസനയാണ്. മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.
ചിത്രത്തിന്റെ ആദ്യ ഷോട്ടില്‍ നവ്യ നായര്‍ അഭിനയിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. ജാനകിയുടെ ജീവിതത്തില്‍ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലുടനീളം വേട്ടയാടപ്പെടുന്നു. പിഡബ്ല്യുഡി സബ് കോണ്‍ട്രാക്ടറായ ഉണ്ണി അവളുടെ ജീവിതത്തിലേക്കു കടന്നു വന്നതിന് ശേഷം പിന്നീടവര്‍ വിവാഹിതരാവുന്നു. വിവാഹ ജീവിതത്തിലും ആ സംഭവം ആവര്‍ത്തിക്കപെടുന്നു. ഈ സംഘര്‍ഷങ്ങള്‍ തികച്ചും നര്‍മ്മത്തിന്റെ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ.
പ്രണയവും, നര്‍മ്മവും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമൊക്കെ ഒരേ പോലെ കോര്‍ത്തിണക്കിയ കുടുംബചിത്രമാണിത്. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണ് അനീഷ് ഉപാസന ഈ ചിത്രത്തെ ഒരുക്കുന്നത്. ചിത്രത്തില്‍ നവ്യ നായര്‍ ആണ് ജാനകി ആയെത്തുന്നത്. ഉണ്ണിയായി സൈജുവാണ് വോഷമിടുന്നത്. ജോണി ആന്റണി, കോട്ടയം നസീര്‍, നന്ദു, ജോര്‍ജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു സിജോ, എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് കൈമാസ് മേനോന്‍ ആണ്.