Latest News

'വേണ്ടെന്ന് ചേട്ടൻ പറഞ്ഞു, ഞാൻ ചെയ്തില്ല'; നമ്മൾ നിസ്സഹായരാകുന്നതിനെ പറ്റി നവ്യ പറഞ്ഞ വാക്കുകൾ; പഴയ വീഡിയോ വീണ്ടും ശ്രദ്ധ നേടുന്നു

Malayalilife
'വേണ്ടെന്ന് ചേട്ടൻ പറഞ്ഞു, ഞാൻ ചെയ്തില്ല'; നമ്മൾ നിസ്സഹായരാകുന്നതിനെ പറ്റി നവ്യ പറഞ്ഞ വാക്കുകൾ; പഴയ വീഡിയോ വീണ്ടും ശ്രദ്ധ നേടുന്നു

വിവാഹശേഷം വന്ന ഇടവേള അവസാനിപ്പിച്ച് സിനിമാ രം​ഗത്തും നൃത്ത രം​ഗത്തും സജീവമായിക്കൊണ്ടിരിക്കുകയാണ് നവ്യ നായർ. ഒരുത്തീ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവാണ് നവ്യ നായർക്ക് സാധിച്ചത്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടിയായിരുന്നു നവ്യ. 2010 ൽ വിവാഹിതയായ ശേഷമാണ് നടി സിനിമാ രം​ഗം വിട്ടത്. പിന്നീട് സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെ തിരിച്ചെത്തിയെങ്കിലും ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. വർഷങ്ങൾക്കിപ്പുറമാണ് ഒരുത്തീ എന്ന സിനിമ നവ്യയെ തേടിയെത്തുന്നത്. കരിയറിൽ നിന്നും മാറി നിന്ന കാലത്തെക്കുറിച്ച് നവ്യ നായർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. കല്യാണം കഴിഞ്ഞാൽ ബാക്കി എല്ലാ സൗകര്യങ്ങളുടെയും കൂടെ ഒക്കുന്ന ഒരു ജോലിയേ ചെയ്യാൻ പറ്റൂ. എന്റെ കമ്പനിയിൽ ജോലി ചെയ്യാൻ ചേട്ടൻ പറഞ്ഞു. അത് ചെയ്തില്ല. എനിക്കൊട്ടും താൽപര്യമില്ലായിരുന്നു. വേണ്ട, ഞാൻ വീട്ടിൽ ഇരുന്നോളാം എന്ന് പറഞ്ഞു. ഡാൻസിൽ ഡി​ഗ്രി ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. അതിന് മുമ്പ് യുപിഎസി നേടണമെന്നായിരുന്നു ആ​ഗ്രഹം. പക്ഷെ കല്യാണം കഴിഞ്ഞ് ഞാൻ പെട്ടെന്ന് ​ഗർഭിണിയായി. മകൻ ചെറുതാണ്, അവന് ഒറ്റയ്ക്ക് ബാത്ത് റൂമിലൊന്നും പോകാൻ പറ്റില്ലെന്ന് ഭർത്താവ് പറഞ്ഞു. അങ്ങനെ അത് വേണ്ടെന്ന് വെച്ചു. അത് വലിയ വിഷമം ആയിരുന്നെന്ന് നവ്യ ഓർത്തു.

അത് കഴിഞ്ഞാണ് ഡാൻസിൽ ഡി​ഗ്രി എടുക്കാം, എന്നിട്ട് ഡാൻസിൽ പിഎച്ച്ഡി ചെയ്യാം എന്ന് തീരുമാനിച്ചത്. ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ ഇന്റർവ്യൂവിന് വിളിച്ചു. ചേട്ടൻ തന്നെയാണ് എല്ലാം അയച്ചത്. ഇന്റർവ്യൂവിന് എന്നെ വിളിക്കുമെന്ന് അറിയാതെയാണോ അദ്ദേഹം അയച്ചതെന്ന് അറിയില്ല. മാസത്തിൽ രണ്ട് തവണ യൂണിവേഴ്സിറ്റിയിൽ പോകണം. ആറ് ദിവസം അവിടെ നിൽക്കണം. അതവർ നേരത്തെ തരും. പക്ഷെ ഇന്റർവ്യൂവിന് കോൾ വന്നപ്പോഴേക്കും ചേട്ടൻ പോകേണ്ടെന്ന് പറഞ്ഞു. എനിക്കിപ്പോഴും അതെന്തുകൊണ്ടാണെന്ന് അറിയില്ല. കുറേ പറഞ്ഞ് നോക്കി. മകൻ ചെറുതാണ്, ഇപ്പോൾ പോകേണ്ട, വേറൊരു സ്ഥലത്ത് പോകാം എന്നൊക്കെ പറഞ്ഞു. അങ്ങനെയാണ് നമ്മൾ പലപ്പോഴും നിസഹായരായി പോകുന്നത്. മെല്ലെ മെല്ലയാണ് തിരിച്ചറിയുന്നത്. ചിലർ തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ കടന്ന് പോകുമെന്നും നവ്യ നായർ ചൂണ്ടിക്കാട്ടി. സിനിമയിലേക്ക് തിരിച്ച് വരണമെന്ന് ആ​ഗ്രഹിച്ച ആളല്ല ഞാൻ. കുറേ നാളായി അഭിനയിക്കുന്നതിനാൽ മതിയായിട്ട് തന്നെയാണ് അഭിനയം നിർത്തിയത്. വേറാരെയും എനിക്കതിൽ പഴി ചാരാനില്ല. ആ സമയത്ത് ഞാൻ ഹാപ്പിയായി മതി എന്ന് തീരുമാനിച്ചതാണ്. ഒരു കണ്ടീഷനിം​ഗ് ആയിരുന്നു അത്. കുറച്ച് നാൾ അഭിനയിച്ചു, ഇത്രയേ ഉള്ളൂ, ഇനി അഭിനയിക്കാൻ പറ്റില്ല എന്ന ചിന്തയായിരുന്നു.

ഒരു നാട്ട് നടപ്പായിരുന്നു. ഞാനും അങ്ങനെയായിരുന്നു. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ലക്ഷ്യം ഫാമിലി ലൈഫ് ആണെന്നായിരുന്നു ഞാൻ വിചാരിച്ചത്. എന്നാലേ സക്സസ് ഉള്ളൂ. മറ്റെന്ത് വിജയങ്ങൾ ഉണ്ടെങ്കിലും നല്ലൊരു ഫാമിലി ആണെങ്കിൽ മാത്രമേ ഒരു വ്യക്തി പൂർണമാവൂ എന്ന് ഞാൻ വിശ്വസിച്ചിരുന്നെന്നും നവ്യ അന്ന് തുറന്ന് സമ്മതിച്ചു.

Read more topics: # നവ്യ നായർ
navya nair revealed how marriage and family life stopped her from cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES