സിനിമാ ലോകത്തെ ലൈംഗീക പീഡനങ്ങളുടെ തുറന്നു പറച്ചില്‍ വലിയ തരംഗമാണ് സിനിമാ മേഖലകളില്‍ ഉണ്ടാക്കിയിരിക്കുന്നത്. തന്റെ അച്ഛനെതിരായ ആരോപണത്തില്‍ മൗനം വെടിയുകയാണ് അഭിനയേത്രിയും സംവിധായികയുമായ നന്ദിത ദാസ്. തന്റെ അച്ഛനെതിരെ ആണ് ആരോപണം ഉണ്ടായത് എങ്കിലും താന്‍ മീടൂവിന്റെ ഭാഗമായ സ്ത്രീകള്‍ക്കൊപ്പമാണ് എന്നു തുറന്നു പറഞ്ഞിരിക്കയാണ് ഇപ്പോള്‍ നന്ദിത.
മീടൂ വിവാദം ചൂടുപിടിക്കുന്ന അവസരത്തില്‍ ആരോപണ വിധേയരായ വ്യക്തികള്‍ക്കൊപ്പം തുടര്‍ന്ന് ജോലി ചെയ്യില്ല എന്ന ഉറച്ച നിലപാടാണ് ബോളിവുഡിലെ പലരും എടുത്തത്ത്. നന്ദിത ദാസ്, കൊങ്കണ സെന്‍ ശര്‍മ തുടങ്ങിയ സംവിധായകരും ആരോപണമുന്നയിച്ച സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. അതിനു പിന്നാലെയാണ് നന്ദിതാ ദാസിന്റെ പിതാവും പ്രമുഖ ചിത്രകാരനുമായ ജതിന്‍ ദാസിനെതിരെ മീ ടൂ ആരോപണവുമായി യുവതി രംഗത്തെത്തിയത്. ആരോപണം ജിതിന്‍ ദാസ് നിഷേധിക്കയും ചെയ്തു.ഈ വിഷയത്തില്‍ മൗനം വെടിയുകയാണ് നന്ദിത.
തന്റെ അച്ഛനെതിരായ ആരോപണം ഏറെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും അതിനെല്ലാമപ്പുറം മീ ടൂവിന്റെ ഭാഗമായ സ്ത്രീകള്‍ക്കൊപ്പം തന്നെയാണ് താനെന്ന് നന്ദിത ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പ്രശസ്ത ചിത്രകാരനും നന്ദിതയുടെ അച്ഛനുമായ ജതിന്‍ ദാസിനെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ചുകൊണ്ട് ഒരു സ്ത്രീ രംഗത്തു വന്നതോടെയാണ് മീ ടൂവിനോടുള്ള തന്റെ വ്യക്തിപരമായ നിലപാടിനെക്കുറിച്ചും അച്ഛനെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ചും നന്ദിത മനസ്സു തുറന്നത്. പേപ്പര്‍ മേക്കിങ് കമ്പനിയുടെ സഹസ്ഥാപകയായ നിഷ ബോറയാണ് 14 വര്‍ഷം മുന്‍പ് ജതിന്‍ ദാസില്‍നിന്ന് ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് മീ ടൂ ക്യാംപെയ്‌നില്‍ കൂടി വെളിപ്പെടുത്തിയത്.
ലൈംഗിക പീഡനത്തെക്കുറിച്ചും ദുരനുഭവങ്ങളെക്കുറിച്ചും മീ ടൂ വിലൂടെ തുറന്നു പറഞ്ഞ സ്ത്രീകളോടൊപ്പം തോളോടു തോള്‍ ചേരുന്നുവെന്നും ഒരാള്‍ക്കെതിരെ ആരോപണമുന്നയിക്കുമ്പോള്‍ ആ കാര്യത്തെക്കുറിച്ച് അത്രമാത്രം ഉറപ്പു വേണമെന്നും നന്ദിത പറയുന്നു. 'മീ ടൂ മൂവ്‌മെന്റിനെ ശക്തമായി പിന്തുണയ്ക്കുന്ന ഒരാള്‍ എന്ന നിലയില്‍ ആവര്‍ത്തിച്ചു പറയുകയാണ്, എന്റെ ശബ്ദം ഇനിയും മീ ടൂവിനൊപ്പമായിരിക്കും. എന്റെ അച്ഛനു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം നിരുപാധികം നിഷേധിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സുരക്ഷിതമായി കാര്യങ്ങള്‍ തുറന്നു പറയാനുള്ള അവസരം ഒരുക്കണം, തുടക്കം മുതലേ നമ്മളവരെ കേള്‍ക്കാന്‍ തയാറാവണം. അതേസമയം, ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ ഈ മൂവ്‌മെന്റിന്റെ വീര്യം കെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം'. - നന്ദിത പറയുന്നു.
'എന്നെ വിശ്വസിക്കുന്ന സുഹൃത്തുക്കളില്‍നിന്നും അപരിചിതരില്‍നിന്നും എനിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. സത്യം ജയിക്കുക തന്നെ ചെയ്യും. ഈ വിഷയത്തിലും എനിക്കതു തന്നെയാണ് പറയാനുള്ളത്'.- നന്ദിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.