ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയലോകത്തിലേക്കെത്തിയ നടിയാണ് നമിത പ്രമോദ്. 2011ല്‍ ട്രാഫിക് എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്കെത്തി പിന്നീട് സത്യന്‍ അന്തിക്കാട് ചിത്രം പുതിയ തീരങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേമായി. നിവിന്‍ പോളി ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നമിത ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന 'പ്രൊഫസര്‍ ഡിങ്കനു'ള്‍പ്പടെ അഞ്ച് ചിത്രങ്ങളില്‍ ദീലീപിന്റെ നായികയായി വേഷമിട്ടിരുന്നു. അതുകൊണ്ട് തന്നെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദീലീപ് അറസ്റ്റിലായതിന് പിന്നാലെ നമിതയുടെ പേരും ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നമിതയിപ്പോള്‍.
ദീലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ അനാവശ്യമായാണ് മാധ്യമങ്ങള്‍ തന്റെ പേരും വലിച്ചിഴച്ചതെന്ന് നമിത പ്രമോദ് പറയുന്നു. സിനിമാരംഗത്ത് ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ തന്റെ പേരും വാര്‍ത്തയിലേയ്ക്ക് മാധ്യമങ്ങള്‍ വലിച്ചിഴച്ചു. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് മാധ്യമങ്ങളാണ്. അത്തരം മാധ്യമങ്ങള്‍ തീര്‍ച്ചയായും നീതിബോധം പാലിക്കണമെന്ന് നമിത പറയുന്നു. നടിയേ ആക്രമിച്ച കേസില്‍ യുവ നടിയുടെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ എത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ നടി നമിതാ പ്രമോദാണെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പടര്‍ന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ള നടി ദിലീപിനോടൊപ്പം ചുരുക്കം സിനിമകളില്‍ അഭിനയിച്ച നടി എന്നിവയുടെ അടിസ്ഥാനത്തിലാണ് വ്യാജവാര്‍ത്ത വന്നത്.
ഒരാളെകുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുന്നതിന് മുമ്പ് അതിന്റെ കൃത്യതയെകുറിച്ച് അന്വേഷിക്കണം. ഗോസിപ്പ് പറയുന്ന ലാഘവത്തോടെ കേസിന്റെ ഭാഗമാണെന്ന് ആരോപിക്കുന്നത് ശരിയല്ലന്ന് നമിത പറഞ്ഞു. വ്യാജവാര്‍ത്തകള്‍ ആദ്യം മനോവിഷമം ഉണ്ടാക്കിയെങ്കിലും കുടുംബത്തിന്റെയും ബന്ധുകളുടെയും പിന്തുണ വലുതായിരുന്നു. വിവാഹത്തെപ്പറ്റിയും ഭാവി ജീവിതത്തെപ്പറ്റിയും നമിത മനസ് തുറന്നു, വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നാല്‍ വിവാഹം കഴിഞ്ഞാല്‍ പിന്നെ അഭിനയം തുടരാന്‍ താല്‍പര്യമില്ല. തന്റെ അമ്മയെ പോലെ വീട്ടമ്മയായിരിക്കാനാണ് തന്റെ ആഗ്രഹം, എല്ലാ കുടുംബത്തിന്റെയും അടിത്തറ സ്ത്രീകളാണ് എന്നാല്‍ ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും നമിത പറയുന്നു.സിനിമയില്‍ നിന്ന് വിട്ടുപോകുന്നതിന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും നമിത വ്യക്തമാക്കി.