വിജയക്കൊടുമുടിയില്‍ കയറി നില്‍ക്കുമ്പോഴും ഇന്ദ്രന്‍സ് എന്ന നടന്റെ എളിമയും ലാളിത്യവും ഏവര്‍ക്കുമിടയില്‍ ചര്‍ച്ചയാകുകയാണ് ഇപ്പോഴിതാ സണ്ണി വെയ്ന്‍ നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണി എന്ന സിനിമയുടെ കഥ എഴുതിയ ജിഷ്ണു എസ്. രമേശ് ഇന്ദ്രന്‍സിനെക്കുറിച്ച് എഴുതിയ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ജിഷ്ണുവിന്റെ കുറിപ്പ് വായിക്കാം-
കഴിഞ്ഞ മാര്‍ച്ചില്‍ പെട്ടെന്നൊരു ദിവസം എനിക്കൊരു കോള്‍ വന്നു, 'ഹലോ....അനുഗ്രഹീതന്‍ ആന്റണീടെ കഥയെഴുതിയ ആളല്ലേ ?? 'അതേയെന്ന് ഞാന്‍ പറഞ്ഞപ്പോ കിട്ടിയ മറുപടിയിതായിരുന്നു... 'സാറേ.... ഞാന്‍ ഇന്ദ്രന്‍സാണേ.....
'ആ....ആര്...?? പകച്ച് പോയ ഞാന്‍ വിക്കി വിക്കി ചോദിച്ചു, 'ആക്ടര്‍ ഇന്ദ്രന്‍സാ....ജിനോയി നമ്പറ് തന്നിട്ടാ വിളിക്കുന്നെ.... എന്റെ പോര്‍ഷന്‍ എന്നാ വരുന്നേന്ന് അറിയാന്‍ വിളിച്ചതാ.. ലൊക്കേഷനില്‍ വേറാരുടേം നമ്പറ് എന്റെ കൈയ്യിലില്ലാരുന്നു അതാ.'
എന്റെ പ്രായത്തേക്കാള്‍ എക്സ്പീരിയന്‍സുള്ള സംസ്ഥാന അവാര്‍ഡും ദേശീയശ്രദ്ധയും നേടിയ ഒരു നടന്‍ വെറും തുടക്കക്കാരനായ ഒരു ചെറുപ്പക്കാരനെ സാറേയെന്ന് വിളിക്കുക. നിന്ന് തിരിയാന്‍ സമയമില്ലാത്ത നേരത്ത് സ്വന്തം കാരക്ടറിന്റെ ഷൂട്ട് എന്ന് തുടങ്ങും എന്നറിയാന്‍ ഇങ്ങോട്ട് വിളിച്ച് ഡേറ്റ് ഉറപ്പ് വരുത്തുക. അത്യാവശ്യം തലക്കനമൊക്കെ വയ്ക്കാവുന്ന സാഹചര്യമായില്ലേ ചേട്ടാ എന്ന് തമാശക്ക് ഞാന്‍ ചോദിച്ചപ്പോ പുള്ളി മറുപടി പറഞ്ഞതിങ്ങനെയാണ്.
'വീട്ടിലിപ്പഴും തയ്യല്‍ മെഷിനുണ്ട്. ഗ്യാപ്പ് കിട്ടുമ്പഴൊക്കെ തയ്ക്കാറുമുണ്ട്. വന്ന വഴി മറന്നാലല്ലേ തലക്കനം വയ്ക്കത്തൊള്ളൂ. അതാണേല്‍ മറക്കാനും പറ്റത്തില്ല, അത്രേം ആഴത്തിലാ പതിഞ്ഞേക്കുന്നേ..''ഞാനാ മനുഷ്യനെ നോക്കി മനസുകൊണ്ടൊന്ന് തൊഴുതൂ... കഴിഞ്ഞ കുറച്ച് ദിവസം ഒരുമിച്ചുണ്ടായിരുന്നു.
ഒന്നിച്ച് നിന്ന് പടം തീര്‍ത്തു. എല്ലാം കഴിഞ്ഞ് യാത്ര പറയുന്നതിന്റെ തൊട്ട് മുന്നേ വിറച്ച് വിറച്ച് വാങ്ങിച്ചെടുത്ത ഓട്ടോഗ്രാഫാണിത്. ഒരു വെറും മനുഷ്യന്റെ ഓട്ടോഗ്രാഫ്.