അഭിനയത്തില്‍ നിന്നും വിരമിക്കുകയാണെന്ന ബോളിവുഡ് നടന്‍ വിക്രാന്ത് മാസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഞെട്ടലോടെയാണ് ആരാധകര്‍ വായിച്ചത്. എന്നാല്‍ വിരമിക്കുകയാണ് എന്നല്ല താന്‍ പറഞ്ഞതെന്നും തന്റെ പോസ്റ്റ് തെറ്റായി വായിക്കപ്പെടുകയുമാണ് ഉണ്ടായതെന്നുമാണ് വിക്രാന്ത് മാസി ഇപ്പോള്‍ പറയുന്നത്.
ഒരു നീണ്ട ബ്രേക്ക് എടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് വിക്രാന്ത് മാസി. തന്റെ വാക്കുകള്‍ പൊതുജനങ്ങള്‍ തെറ്റായി വായിച്ചു. തന്റെ ആരോഗ്യനില മോശമാണെന്നും എന്നും നടന്‍ പറയുന്നുണ്ട്. എന്നാല്‍ എന്ത് അസുഖമാണ് ബാധിച്ചതെന്ന് നടന്‍ വ്യക്തമാക്കിയിട്ടില്ല.
''എനിക്ക് ചെയ്യാന്‍ കഴിയുന്നത് അഭിനയമാണ്. ഒപ്പം എനിക്കുള്ളതെല്ലാം തന്നു. എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം തകര്‍ന്നു. എനിക്ക് കുറച്ച് സമയമെടുക്കണം, എന്റെ ക്രാഫ്റ്റ് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഇപ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടുന്നു. എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ അഭിനയം നിര്‍ത്തുകയോ വിരമിക്കുകയോ ചെയ്യുകയാണെന്ന രീതിയില്‍. എന്റെ കുടുംബത്തിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുറച്ച് സമയമെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമയം ശരിയാണെന്ന് തോന്നുമ്പോള്‍ ഞാന്‍ മടങ്ങിവരും.''-ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിക്രാന്ത് പറഞ്ഞു.
കരിയറിലെ ഉന്നതിയില്‍ നില്‍ക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തി എന്ന് നടന്റെ സഹപ്രവര്‍ത്തകരില്‍ പലരും ആശ്ചര്യപ്പെട്ടിരുന്നു. അതേസമയം, നടന്‍ ഹര്‍ഷവര്‍ദ്ധന്‍ റാണെ ഇതിനെ പബ്ലിസിറ്റി സ്റ്റണ്ട് എന്നാണ് വിശേഷിപ്പിച്ചത്.
ടെലിവിഷന്‍ താരമായാണ് വിക്രാന്ത് മാസി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ബാലിക വധു, ധരം വീര്‍ എന്നിവയിലൂടെ കുടുംബ പ്രേക്ഷകരുടെ മനംകവര്‍ന്നു. രണ്‍വീര്‍ സിങിന്റെ ലൂട്ടേരയിലൂടെയാണ് സിനിമയില്‍ തുടക്കം. ചാപകില്‍ ദീപികയ്‌ക്കൊപ്പവും ക്രൈം തില്ലര്‍ സീരിസായ മിര്‍സാപുറില്‍ ബബ്?ലു പണ്ഡിറ്റായും വന്‍ പ്രശംസ നേടി. ഹസീന്‍ ദില്‍റുബ, ജിന്നി വെഡ്‌സ് സണ്ണി, ലവ് ഹോസ്റ്റല്‍ എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. 2002 ലെ ഗോധ്?ര ട്രെയിന്‍ അപകടത്തെ അടിസ്ഥാനമാക്കിയുള്ള 'സബര്‍മതി റിപ്പോര്‍ട്ട്' ആണ് വിക്രാന്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.